ചർച്ച നടത്താതെ ബില്ലുകൾ പാസാക്കുന്നതു ജനാധിപത്യ വിരുദ്ധം: സ്പീക്കർ
1337412
Friday, September 22, 2023 2:12 AM IST
കൊടുങ്ങല്ലൂർ: പാർലമെന്റിൽ ചർച്ച നടത്താതെ ബില്ലുകൾ പാസാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കെജിഒഎ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ഡോ.എൻ.എം. മുഹമ്മദാലി എൻഡോവ്മെന്റ് കർഷകസമര രക്തസാക്ഷി റുൾഡു സിംഗിന്റെ പത്നി മുകേഷ് റാണിക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷത്തിന്റെ പരിരക്ഷ ഉറപ്പു വരുത്തുന്നതാണ് ജനാധിപത്യം. കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ കേൾക്കാൻ തയ്യാറാകുന്നില്ല. ഞങ്ങൾ നിയമം പാസാക്കും നിങ്ങൾ അനുസരിക്കണമെന്നാണ് നിലപാട്.
രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു നിയമങ്ങളിലും ചർച്ചയില്ല. ജനങ്ങളാണ് യഥാർഥ യജമാനൻമാരെന്ന് കേന്ദ്ര സർക്കാരിന് താമസിയാതെ മനസിലാക്കേണ്ടിവരുമെന്ന് സ്പീക്കർ പറഞ്ഞു. കേരള നിയമസഭ ചർച്ചയിലൂടെ ജനാധിപത്യപരമായാണ് ജനപക്ഷ നിയമങ്ങൾ നിർമിക്കുന്നത്.
ശാസ്ത്രീയതയ്ക്ക് പകരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. മത രാഷ്ട്രമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇന്ത്യ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ പട്ടിണിയും തൊഴിലില്ലായ്മയുമാണ്.
ഇവ പരിഹരിക്കാനുള്ള നയങ്ങളോ പരിപാടിയോ കേന്ദ്രസർക്കാരിനില്ലെന്നും സ്പീക്കർ പറഞ്ഞു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ. നാസർ അധ്യക്ഷനായി. മുൻ സംസ്ഥാന പ്രസിഡന്റ് വി.വി. സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.
അഖിലേന്ത്യ കിസാൻസഭ ദേശീയ വൈസ് പ്രസിഡന്റ് ഇ.പി. ജയരാജൻ സന്ദേശംനൽകി. സംസ്ഥാന ജന.സെക്രട്ടറി ഡോ.എസ്.ആർ. മോഹനചന്ദ്രൻ, മുരളി പെരുനെല്ലി, സ്വാഗതസംഘം ചെയർമാൻ പി കെ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.