ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ടർപട്ടിക അട്ടിമറി; ആരോപണവുമായി രാഷ്ട്രീയപാർട്ടികൾ
1418563
Wednesday, April 24, 2024 7:02 AM IST
തൃശൂർ: പൂങ്കുന്നത്ത് അടഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളുടെ മേൽവിലാസത്തിൽ അനധികൃതമായി നൂറുകണക്കിനുപേരെ വോട്ടർപട്ടികയിൽ ചേർത്തതായി ആരോപണം. തെരഞ്ഞെടുപ്പിനു മുന്നോടിയായി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ വോട്ടേഴ്സ് സ്ലിപ്പ് വീടുകൾതോറും കൊടുക്കാൻ എത്തിയപ്പോഴാണ് അട്ടിമറി പുറത്തറിയുന്നത്.
പൂങ്കുന്നം ഉദയനഗറിലെ ഇൻലാൻഡ് ഉദയ അപ്പാർട്ട്മെന്റിലെ പൂട്ടിക്കിടക്കുന്ന ഫ്ലാറ്റുകളുടെ വിലാസത്തിലാണു വോട്ടർമാരെ ചേർത്തിട്ടുള്ളത്. സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ പ്രവർത്തകർ ഫ്ലാറ്റിൽ തടിച്ചുകൂടി.
വോട്ടർപട്ടികയിലുള്ള ആളുകളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവിടെ താമസിക്കുന്ന മറ്റ് ആളുകൾക്കും വോട്ടേഴ്സ് സ്ലിപ്പിലുള്ളവരെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. തുടർന്നു പ്രവർത്തകർ വില്ലേജ് ഓഫീസറെ വിളിച്ചുവരുത്തി ക്രമക്കേടുകൾ വിശദീകരിച്ചു.
ഉടൻ തഹസിൽദാറെ ബന്ധപ്പെട്ടു വിവരം ജില്ലാ കളക്ടറെയും അറിയിച്ചു. ബൂത്ത് ലെവൽ ഓഫീസറെയും സ്ഥലത്തേക്കു വിളിച്ചുവരുത്തി. ലിസ്റ്റിലുള്ള ആളുകളെ കണ്ടെത്താത്തതിനെതുടർന്നു സ്ലിപ്പുകൾ മൊത്തമായി അപ്പാർട്ട്മെന്റിൽ ഏല്പിച്ചുകൊടുക്കുകയായിരുന്നുവെന്നു ബിഎൽഒ പറഞ്ഞു.
73 പേരുടെ പേര് വോട്ടർപട്ടികയിൽ അനധികൃതമായി ഉൾപ്പെടുത്തിയതായി എൽഡിഎഫ് ആരോപിച്ചു. അപ്പാർട്ട്മെന്റിൽ 56 ഫ്ലാറ്റുകളിൽമാത്രമാണ് താമസക്കാരുള്ളത്. 27ഓളം ഫ്ലാറ്റുകൾ അടഞ്ഞുകിടക്കുകയാണ്. ഈ ഫ്ലാറ്റിനു സമീപമുള്ള ടോപ് പാരഡൈസ് ഫ്ലാറ്റിലും താമസക്കാരല്ലാത്ത അന്പതോളംപേരെ വോട്ടർപട്ടികയിൽ ചേർത്തതായി ആരോപണമുണ്ട്.
തൃശൂർ നിയോജകമണ്ഡലത്തിനു സമീപത്തെ ആലത്തൂർ മണ്ഡലപ്രദേശങ്ങളായ കുറ്റൂർ, പേരാമംഗലം, കൊട്ടേക്കാട് എന്നിവിടങ്ങളിലെ ഒരു പ്രത്യേക പാർട്ടിയോട് അനുഭാവമുള്ള വോട്ടർമാരെയാണ് ഇവിടത്തെ മേൽവിലാസത്തിലേക്കു മാറ്റിയിരിക്കുന്നതെന്നു പറയുന്നു. ഇതുപോലെ തൃശൂർ മണ്ഡലത്തിലേക്കു നിരവധി കുടുംബങ്ങളുടെ വോട്ടുകൾ കൂട്ടത്തോടെ മാറ്റപ്പെട്ടതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
മറ്റു മണ്ഡലങ്ങളിൽ സ്ഥിരതാമസക്കാരായ പലരുടെയും വോട്ടുകൾ തൃശൂർ മണ്ഡലത്തിൽ അനധികൃത മേൽവിലാസമുണ്ടാക്കി മാറ്റിയതായി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഇതിനായി ചിലർ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുന്പേ പ്രവർത്തനങ്ങൾ നടത്തിയതിന്റെ തെളിവാണ് താമസക്കാരില്ലാത്ത ഫ്ലാറ്റുകളുടെ വിലാസത്തിൽ വോട്ടർമാർ പ്രത്യക്ഷപ്പെട്ടതെന്നും കുറ്റപ്പെടുത്തി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കെ. കണ്ണൻ, കൗൺസിലർ പി.കെ. ഷാജൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരജ്, മുൻമന്ത്രി കെ.പി. രാജേന്ദ്രൻ തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു.
പൂങ്കുന്നത്തെ ക്യാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിലും വോട്ടർപട്ടികയിൽ വ്യാപകക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ടെന്നു വിവിധ രാഷ്ട്രീയകക്ഷികൾ ചൂണ്ടിക്കാട്ടുന്നു.
ഒരു സ്ത്രീമാത്രം താമസിക്കുന്ന ഫ്ലാറ്റിന്റെ വിലാസത്തിൽ അവർക്ക് അറിയാത്ത വേറെ ആറുപേരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരുടെയെല്ലാം അച്ഛൻമാരുടെ പേരുകൾ വ്യത്യസ്തമായും രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ കൊടുത്തിരിക്കുന്ന ഫോട്ടോയിലുള്ളവരെ അപ്പാർട്ട്മെന്റിലും ചുറ്റുവട്ടത്തുള്ളവരും കണ്ടിട്ടില്ലെന്നു പറയുന്നു.
ബിഎൽഒമാരുടെ പരിശോധനയ്ക്കുശേഷമാണ് അന്തിമ ലിസ്റ്റ് തയാറാക്കിയിട്ടുള്ളതെങ്കിലും അവരുടെ അറിവോടുകൂടിയാണു ക്രമക്കേടുകൾ സംഭവിച്ചിട്ടുള്ളതെന്നു രാഷ്ട്രീയപ്രവർത്തകർ ആരോപിച്ചു.
തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ വിവിധ അപ്പാർട്ട്മെന്റുകളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ടർപട്ടികയിലെ അട്ടിമറിശ്രമം മാസങ്ങൾക്കുമുമ്പേ നടന്നിട്ടുണ്ട്. കൂടുതലും ടൗൺപ്രദേശങ്ങളിലെ ഫ്ലാറ്റുകളിലാണ് ക്രമക്കേടുകൾ രാഷ്ട്രീയപാർട്ടികളുടെ ശ്രദ്ധയിൽപെട്ടിട്ടുള്ളത്. ഫ്ലാറ്റുകളിലെ ആളുകളെ തെരഞ്ഞെടുപ്പു ബൂത്തുകളിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് അറിവുണ്ടാകില്ലെന്നതു മുതലെടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാപകക്രമക്കേടു നടന്നിട്ടുള്ളതായി രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.