കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച; അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക
Tuesday, May 6, 2025 12:20 AM IST
കോഴിക്കോട്: ആശങ്കയുയര്‍ത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ വീണ്ടും പുക. കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ ആറാം നിലയിലാണ് ഇന്നലെ പുക ഉയര്‍ന്നത്.
കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തുന്നതിനിടെയാണു പുക ഉയര്‍ന്നത്. ഒരു വര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കില്‍ ഇതുവരെ ഉപയോഗിക്കാതെ കിടന്നതാണ് ആറാം നില. പുക കണ്ടതിനെത്തുടര്‍ന്ന് മൂന്നും നാലും നിലകളില്‍നിന്ന് 35 രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് അപകടം. സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധവുമായി വിവിധ പ്രതിപക്ഷസംഘടനകള്‍ രംഗത്തെത്തി. അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണമുയര്‍ന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അത്യാഹിത വിഭാഗത്തിലെ സര്‍വര്‍ മുറിയില്‍ പൊട്ടിത്തെറിയോടെ തീപിടിത്തമുണ്ടായിരുന്നത്. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. പുക ശ്വസിച്ചല്ല മരണമെന്ന് പിന്നീട് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. തീപിടിത്തത്തെത്തുടര്‍ന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, പൊതുമരാമത്ത് വകുപ്പ്, പോലീസ് തുടങ്ങിയ വകുപ്പുകളുടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വിവിധ മെഡിക്കല്‍ കോളജുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്റെ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തീപിടിത്തത്തെത്തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗികളെ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലേക്കും ബീച്ച് ജനറല്‍ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണു വിവിധ ആശുപത്രികളില്‍ ഉണ്ടായിരുന്ന 35 രോഗികളെ മൂന്നും നാലും നിലകളിലേക്ക്മാറ്റിയത്.
മറ്റു നിലകളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് പരിശോധന നടത്തിവരികയാണ്. ആറാം നിലയിലെ പരിശോധനയ്ക്കിടയില്‍ പതിനഞ്ചാം നമ്പര്‍ തിയറ്ററിലാണ് തീപടര്‍ന്നത്. സ്വിച്ച് ഇട്ടപ്പോള്‍ തീപ്പൊരി ഉയര്‍ന്നതായാണു വിശദീകരണം.
പുക താഴത്തെ നിലകളിലേക്ക് എത്തി. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കത്തിയതിന്റെ ഗന്ധം മറ്റു നിലകളിലേക്കും പരന്നു. ഈ ഘട്ടത്തിലാണു നാലാം നിലയില്‍നിന്നു രോഗികളെ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റിയത്. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
തീപടര്‍ന്ന് ഒരു തിയറ്റര്‍ ബെഡ് കത്തിനശിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിലെ അപാകതയും വയറിംഗിലെ തകരാറുമാണ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കത്താന്‍ കാരണമെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എം.കെ. രാഘവന് എംപി ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് പ്രധാനമന്ത്രിക്കു കത്തു നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ട് ഉപയോഗിച്ച് 190 കോടി ചെലവിലാണ് പുതിയ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് നിര്‍മിച്ചത്. രണ്ടു വര്‍ഷമായി കെട്ടിടം പണി പൂര്‍ത്തീകരിച്ചിട്ട്. ഒരു വര്‍ഷമായി ഇവിടെ ചികിത്സ തുടങ്ങിയിട്ട്.
അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.