സിബിഎസ്ഇ പരീക്ഷാരീതി മാറുന്നു
Wednesday, November 25, 2020 12:32 AM IST
ന്യൂഡൽഹി: വിദ്യാർഥികളുടെ പരീക്ഷാ സമ്മർദം കുറയ്ക്കാനും പാഠപുസ്തകങ്ങളിൽനിന്നു പഠിക്കുന്നവ പ്രാവർത്തികമാക്കാനും ഉതകുന്ന വിധത്തിൽ സിബിഎസ്ഇ പരീക്ഷകൾ പരിഷ്കരിക്കുന്നു. തുടക്കമെന്ന നിലയിൽ പത്താം ക്ലാസിനു പിന്നാലെ പന്ത്രണ്ടാം ക്ലാസിലെ ബോർഡ് പരീക്ഷകൾക്കും 2021 മുതൽ പത്തു ശതമാനം ചോദ്യങ്ങൾ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ളതാകുമെന്നു സിബിഎസ്ഇയുടെ അക്കഡേമിക്സ് ഡയറക്ടർ ജോസഫ് ഇമ്മാനുവൽ ദീപികയോടു പറഞ്ഞു.
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ തീയതികൾ അധികം വൈകാതെ പ്രഖ്യാപിക്കും. എന്നാൽ, തീയതികൾ തീരുമാനിച്ചിട്ടില്ലെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി വ്യക്തമാക്കി. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്നതുകൂടി കണക്കിലെടുത്താകും പരീക്ഷാ തീയതികൾ തീരുമാനിക്കുക.
പുതിയ രീതിയിലുള്ള സാന്പിൾ പേപ്പറുകൾ സിബിഎസ്ഇ പുറത്തിറക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച സർക്കുലർ കഴിഞ്ഞ മാർച്ചിൽ ഇറക്കിയിരുന്നു. കാണാപ്പാഠം പഠിച്ചു പരീക്ഷയെഴുതുന്ന രീതിയിൽനിന്നു മാറി വിദ്യാർഥികളുടെ കഴിവ് (കോംപീറ്റൻസി) അടിസ്ഥാനമാക്കിയുള്ള പരീക്ഷാ രീതിയാകും നടപ്പിലാകുകയെന്നു ജോസഫ് ഇമ്മാനുവേൽ കൂട്ടിച്ചേർത്തു.
പത്താം ക്ലാസ് പരീക്ഷകളിൽ 10 ശതമാനം ആപ്ലിക്കേഷൻ ബേസ്ഡ് ചോദ്യങ്ങൾ ഈ വർഷംതന്നെ നടപ്പാക്കിയിട്ടുണ്ട്. 2021ൽ ഇത് 20 ശതമാനമായി കൂട്ടും. പന്ത്രണ്ടാം ക്ലാസിൽ ആദ്യമായാണ് 10 ശതമാനം ചോദ്യങ്ങൾ ആപ്ലിക്കേഷനുകളുടെ അടിസ്ഥാനത്തിലാക്കുന്നത്. അടുത്ത വർഷത്തെ പരീക്ഷ മുതൽ ഇതു നടപ്പിലാകും. വരുംവർഷങ്ങളിൽ കൂടുതൽ ചോദ്യങ്ങൾ ഇത്തരത്തിൽ ആപ്ലിക്കേഷൻ ബേസ്ഡ് ആയിരിക്കും.
കേസ് സ്റ്റഡിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾ ഇനി കൂടുതലുണ്ടാകും. ചോദ്യപേപ്പറിൽ വിദ്യാർഥികൾക്ക് ഒരു ഖണ്ഡിക നൽകും. അതു വായിച്ചു മനസിലാക്കി വേണം പരീക്ഷാർഥികൾ ഉത്തരങ്ങളെഴുതേണ്ടത്.
വിദ്യാർഥികളുടെ വായന, മനസിലാക്കാനും വ്യാഖ്യാനിക്കാനും ഉള്ള കഴിവ്, മനസിലാക്കിയത് എഴുതാനുള്ള ശേഷി തുടങ്ങിയവ ഉത്തരക്കടലാസുകളുടെ പരിശോധനയിൽ അറിയാനാകും. നേരത്തേ ഓരോ മാർക്ക് വീതം ഉണ്ടായിരുന്ന ചോദ്യങ്ങൾക്കു പകരമാകും ചെറുതോ വലുതോ ആയ ചോദ്യങ്ങൾ ഉൾപ്പെടുത്തുകയെന്നും ജോസഫ് വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ