പുറത്താക്കൽ: മഹുവ കോടതിയിലേക്ക്
Sunday, December 10, 2023 1:48 AM IST
ന്യൂഡൽഹി: ലോക്സഭയിൽനിന്നു പുറത്താക്കിയ നടപടിക്കെതിരേ നിയമനടപടിക്കൊരുങ്ങി തൃണമൂൽ കോണ്ഗ്രസ് മുൻ എംപി മഹുവ മൊയ്ത്ര. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ അനുമതി ലഭിച്ചാലുടൻ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് മഹുവയുടെ നീക്കം.
പുറത്താക്കൽ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ഇന്ത്യ സഖ്യത്തിലെ പാർട്ടികളിലും അഭിപ്രായമുണ്ട്. എംപി സ്ഥാനത്തുനിന്ന് പുറത്താക്കിയതിൽ ഭരണഘടനാപരമായ പിഴവുണ്ടായെന്നാണ് മഹുവ മൊയ്ത്രയുടെ പ്രധാന വാദം.
അവകാശലംഘനം സംബന്ധിച്ച പരാതികൾ പരിഗണിക്കേണ്ടത് പ്രിവിലേജ് കമ്മറ്റിയാണ്. എന്നാൽ, പുറത്താക്കൽ നടപടി ശിപാർശ ചെയ്തത് എത്തിക്സ് കമ്മിറ്റിയും. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച പരാതികളാണ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയിൽ വരേണ്ടത്. പാർലമെന്ററി നടപടി ചട്ടങ്ങളുടെ 316 ഡി പ്രകാരം എത്തിക്സ് കമ്മിറ്റിക്കു പുറത്താക്കൽ ശിപാർശ നൽകാനാകില്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അംഗം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നു റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിക്കു കഴിയും. ചോദ്യത്തിനു കോഴ നൽകി എന്ന ആരോപണം ബിസിനസുകാരനായ ഹിരാനന്ദാനിയുടെ പേരിലാണ്.
ഇദ്ദേഹത്തെ തെളിവെടുപ്പിനായി വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി തയാറായിരുന്നില്ല. മഹുവയുമായി ഒരു ധനകാര്യ ഇടപാടും ഉണ്ടായിട്ടില്ലെന്ന് പലവട്ടം ഹിരാനന്ദാനി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് കമ്മിറ്റിയുടെ പ്രവർത്തനരീതിയും നിയമപരമായി ചോദ്യംചെയ്യാം.
പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ലെന്നും മഹുവയുടെ വാദം കേൾക്കാതെ നടപടിയെടുത്തത് ഭരണഘടനാ ലംഘനമാണെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. അതേസമയം, പുറത്താക്കൽ നടപടി പ്രചാരണവിഷയമാക്കാനുള്ള ഒരുക്കത്തിലാണ് തൃണമൂൽ കോണ്ഗ്രസ്.