കൻവാർ യാത്രയിലെ വിവാദ ഉത്തരവിൽ കോടതി "മതേതര ലംഘനം'
Tuesday, July 23, 2024 2:17 AM IST
ന്യൂഡൽഹി: കൻവാർ യാത്ര (കാവടി യാത്ര) കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേരുകളടക്കമുള്ള വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഇത്തരം നടപടികൾ മൗലികാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, വിഷയവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു.
വ്യക്തിവിവരങ്ങൾ പ്രദർശിപ്പിക്കേണ്ടെന്ന് നിർദേശിച്ച കോടതി ഏതുതരം ഭക്ഷണമാണ് വിളന്പുന്നതെന്ന വിവരം ഭക്ഷണശാലകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ജസ്റ്റീസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ ഉത്തരവ് പുറപ്പെടുവിച്ചത്.
ഭക്ഷണം വിളന്പുന്നത് ഏതു മതക്കാരാണെന്ന് തിരിച്ചറിയണമെന്ന തരത്തിൽ ഉടമയുടെ പേര് ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി അഭിപ്രായപ്പെട്ടു.
ഇത് മനുഷ്യർ തമ്മിൽ മതത്തിന്റെ പേരിലുള്ള വേർതിരിവ് രൂക്ഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഉത്തരവിന്റെ പുറത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിഴ ഈടാക്കുന്നതായും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
കൻവാർ തീർത്ഥാടകർക്ക് അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് സസ്യാഹാരം വിളന്പുന്നുവെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നും ഉറപ്പാക്കാൻ അധികൃതർക്ക് അധികാരമുണ്ട്. എന്നാൽ കടയുടമകളുടെയും മുഴുവൻ തൊഴിലാളികളുടെയും പേര് പ്രദർശിപ്പിക്കണമെന്നത്, വ്യക്തമായ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഉത്തരവിറക്കുന്നത് ഇന്ത്യയുടെ മതേതര സ്വഭാവത്തെ ലംഘിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ഉത്തർപ്രദേശിലെ മുസാഫർനഗർ പോലീസാണ് കൻവാർ യാത്ര നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കടയുടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്. പിന്നീട് ഇത് സംസ്ഥാനത്ത് മുഴുവൻ വ്യാപിപ്പിച്ചിരുന്നു.
മുസാഫർ നഗർ പോലീസിന്റെ ഉത്തരവിനെ അനുകൂലിച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തു വന്നതോടെ വിഷയം കൂടുതൽ വിവാദത്തിലേക്കെത്തി.
കൂടാതെ ഹലാൽ ഭക്ഷണം വിളന്പുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു. മുസ്ലിംകളെ ലക്ഷ്യം വച്ചുള്ള നടപടിയാണിതെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിരുന്നു.
തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്ര, പ്രശസ്ത രാഷ്ട്രീയ നിരീക്ഷകൻ അപൂർവാനന്ദ് ഝാ, കോളമിസ്റ്റ് ആകാർ പട്ടേൽ തുടങ്ങിയവരാണ് ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.