വോട്ട് കൊള്ള അന്വേഷണം: തെര. കമ്മീഷനെ സമീപിക്കാൻ സുപ്രീംകോടതി നിര്‍ദേശം
Tuesday, October 14, 2025 3:06 AM IST
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ പൊതു തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ വോട്ടർപട്ടികയിൽ വൻതോതിലുള്ള ക്രമക്കേട് നടന്നെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല.
വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ അവതരിപ്പിക്കാൻ ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഇതിനോടകം പരാതി സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നും ഹർജിക്കാരൻ അറിയിച്ചെങ്കിലും വിഷയം പരിഗണിക്കാൻ ബെഞ്ച് വിസമ്മതിച്ചു.
പരാതിയിൽ തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സമയം നിശ്ചയിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.