ബിഹാറിൽ പോരു കനക്കും
Tuesday, October 14, 2025 3:06 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിഹാറിൽ രണ്ടാംഘട്ടം തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്നലെ തുടങ്ങിയതോടെ എൻഡിഎ- ഇന്ത്യ സഖ്യം പോരാട്ടം കടുത്തു. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സീറ്റുവിഭജനം പ്രഖ്യാപിച്ച ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ബിജെപി ബൂത്ത് പ്രവർത്തകരുമായി സംവദിക്കും.
ഐആർസിടിസി ഹോട്ടൽ ഭൂമി അഴിമതി കേസിൽ ലാലു പ്രസാദ്, ഭാര്യ റാബ്റി ദേവി എന്നിവരോടൊപ്പം തേജസ്വി യാദവിനെതിരേയും ഡൽഹിയിലെ വിചാരണ കോടതി കുറ്റം ചുമത്തിയത് ആർജെഡിക്കും തേജസ്വിക്കും ഇന്ത്യ സഖ്യത്തിനും തിരിച്ചടിയായി.
കോടതിയുടെ തീരുമാനം വന്ന ശേഷമാകാം സീറ്റു വിഭജനവും മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനവുമെന്ന കോണ്ഗ്രസ് നിലപാടു ശരിവയ്ക്കുന്നതാണു കോടതിവിധി. മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന തേജസ്വി യാദവിന്റെ ആവശ്യമാണ് ഇന്ത്യ സഖ്യത്തിലെ ഒരു തർക്കം. പ്രതിപക്ഷ മുന്നണിയുടെ സീറ്റുവിഭജനത്തിലും ആർജെഡിയുടെ മേധാവിത്വത്തിനു ക്ഷീണമുണ്ട്.
ഒന്നാംഘട്ട തെരഞ്ഞെടുപ്പിനായി പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച അവസാനിക്കാനിരിക്കേ പ്രതിപക്ഷ ഇന്ത്യ സഖ്യം സീറ്റുവിഭജനത്തിൽ ഇന്നലെ രാത്രിയോടെ ധാരണയിലെത്തി. നവംബർ ആറിന് 121 മണ്ഡലങ്ങളിൽ ആദ്യഘട്ടവും രണ്ടാം ഘട്ടത്തിൽ 122 മണ്ഡലങ്ങളിൽ 11നുമാണു വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബർ 14നാണ്.
ഇതിനിടെ, സീറ്റുവിഭജനത്തിൽ എൻഡിഎയിലും ഇന്ത്യ സഖ്യത്തിലും ചെറുകക്ഷികൾ അതൃപ്തരാണ്. ഒരു സീറ്റു പോലും നൽകാതെ അവഹേളിച്ചുവെന്ന് ആരോപിച്ച് എൻഡിഎ സഖ്യകക്ഷിയായ സുഖേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) ഒറ്റയ്ക്കു 153 സീറ്റുകളിൽ മൽസരിക്കുമെന്നു പ്രഖ്യാപിച്ചു.
ജെഡിയുവിനും ബിജെപിക്കും 101 വീതമാണു സീറ്റുകൾ. എൽജെപി: 29, ആർഎൽഎം, എച്ച്എഎം പാർട്ടികൾക്ക് ആറു വീതം സീറ്റുകളാണ് എൻഡിഎയിൽ. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി 65 സ്ഥാനാർഥികളെകൂടി ഇന്നലെ പ്രഖ്യാപിച്ചു.
നേരത്തേ 52 പേരെ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടു പട്ടികയിലും കിഷോറിന്റെ പേരില്ല. എന്നാൽ രാഘോപുരിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെതിരേ കിഷോർ മൽസരിക്കുമെന്നാണ് അഭ്യൂഹം. ജയിച്ചാൽ ബിഹാറിലെ മദ്യനിരോധനം നീക്കി മദ്യവിൽപനയ്ക്ക് അനുമതി നൽകുമെന്നതാണു കിഷോറിന്റെ വാഗ്ദാനങ്ങളിലൊന്ന്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 115 സീറ്റുകളിൽ മത്സരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് ഇത്തവണ തിരിച്ചടിയാണ്. ബിജെപിക്കും 110ൽ നിന്ന് 101 ആയി കുറഞ്ഞു. 2020ൽ ഇരുപാർട്ടികളും യഥാക്രമം 43, 74 സീറ്റുകൾ നേടിയിരുന്നു. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 29 സീറ്റുകൾ സ്വന്തമാക്കി നേട്ടമുണ്ടാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 135 സീറ്റിൽ മത്സരിച്ച ഐക്യ എൽജെപിക്ക് ആകെ ഒരു സീറ്റിലായിരുന്നു ജയം. 2020ൽ ഏഴു സീറ്റിൽ മത്സരിച്ച മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ജിയുടെ എച്ച്എഎം(എസ്) പാർട്ടി നാലിൽ ജയിച്ചിരുന്നു. കഴിഞ്ഞ തവണ 99 സീറ്റുകളിൽ സ്വതന്ത്രമായി മത്സരിച്ച ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎം എല്ലാം പരാജയപ്പെട്ടിരുന്നു.