വ്യാപാരചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധികൾ അമേരിക്കയിലേക്ക്
Tuesday, October 14, 2025 3:06 AM IST
ന്യൂഡൽഹി: വ്യാപാരചർച്ചകൾക്കും ഉഭയകക്ഷി വ്യാപാര കരാറിൽ (ബിടിഎ) സമവായത്തിലെത്തുന്നതിനുമായി ഇന്ത്യയിൽനിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഈയാഴ്ച അമേരിക്ക സന്ദർശിക്കും.
ബിടിഎയിൽ ഇതുവരെ അഞ്ച് ഘട്ട ചർച്ചകളാണ് ഇന്ത്യയും യുഎസും തമ്മിൽ നടത്തിയിരിക്കുന്നത്. ഇന്ത്യൻ പ്രതിനിധികളുടെ സന്ദർശനത്തിലൂടെ ഇരുകക്ഷികൾക്കും ഗുണകരമാകുന്ന കരാറിൽ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയിരിക്കുന്ന ഇരട്ടിത്തീരുവ ഇന്ത്യക്കുമേൽ നിലവിലുണ്ട്.
അതിനിടെ ഇന്ത്യ അമേരിക്കയിൽനിന്നും ഊർജവും എണ്ണയും വാങ്ങുന്നതിനെക്കുറിച്ചും ചർച്ച നടത്തുമെന്ന് പേര് വെളിപ്പെടുത്താത്ത സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.