പ്രതിസന്ധിയിൽ വിശ്വാസികൾക്കൊപ്പം നിൽക്കും: പാത്രിയർക്കീസ് ബാവ
Friday, November 22, 2019 11:39 PM IST
ഗാല (മസ്കറ്റ്): ഇന്ത്യയിലെ യാക്കോബായ സമൂഹം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നു യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ.
ഇന്ത്യയിൽ അന്തോഖ്യാ സിംഹാസനത്തിനു കീഴിൽ നിൽക്കാനാഗ്രഹിക്കുന്ന ഒരാളെങ്കിലുമുണ്ടെങ്കിൽ സിംഹാസനം എല്ലാതരത്തിലും അവരോടൊപ്പം നിൽക്കുമെന്നും മസ്കറ്റ് ഗലയിലെ മർത്ത്ശ്മൂനി പള്ളിയിൽ രണ്ടുദിവസമായി നടന്ന എപ്പിസ്കോപ്പൽ സൂനഹദോസിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ ബാവ വ്യക്തമാക്കി.
കേരള സർക്കാർ സമാധാന ചർച്ചകൾക്കായി സബ് കമ്മിറ്റി രൂപീകരിച്ചതിനെയും കേരള ഗവർണർ ഇക്കാര്യത്തിലെടുത്ത നടപടികളെയും സൂനഹദോസ് പ്രശംസിച്ചു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എല്ലാവിധ പിന്തുണയും നൽകും.
സൂനഹദോസിനെ സഹായിക്കാൻ എപ്പിസ്കോപ്പൽ ഉപദേശക സമിതിയെ തെരഞ്ഞെടുത്തു. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് (കണ്‍വീനർ), സിനഡ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, ഗീവർഗീസ് മാർ അത്താനാസിയോസ്, ഡോ. കുരിയാക്കോസ് മാർ തെയോഫിലോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ് എന്നിവരാണ് അംഗങ്ങൾ. അടിയന്തരഘട്ടങ്ങളിൽ കാര്യാലോചന നടത്തുന്നതിനും നിയമപരമായ നടപടി സ്വീകരിക്കുന്നതിനുമായി മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, സിനഡ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ്, വൈദിക ട്രസ്റ്റി, അൽമായ ട്രസ്റ്റി, അൽമായ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ നിശ്ചയിച്ചു.