കോബി ബ്രയന്റും മകളും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു
Tuesday, January 28, 2020 12:15 AM IST
വാഷിഗ്ടൺ: ബ്ലാക് മാംബ എന്നറിയപ്പെടുന്ന അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റും (41) 13 വയസുകാരി മകൾ ജിയാനയും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതുപേരും മരിച്ചതായാണു വിവരം.
മൂടൽമഞ്ഞുമൂലം ഹെലികോപ്റ്ററിലെ നാവിഗേഷൻ സംവിധാനം തകരാറിലായി കലിഫോർണിയയിലെ കലബസാസ് മലയിൽ ഇടിച്ചു തകരുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ10 നായിരുന്നു അപകടം. ഇവരെക്കൂടാതെ മാംബ ഗേൾസ് ബാസ്കറ്റ് ബോൾ ടീം കോച്ച് ക്രിസ്റ്റീന മൗസർ, പൈലറ്റ് ആര സോബിയാൻ, ജോണ് ആൽടൊബെലി(56), കെറി ആൽടൊബെലി, അലീസ ആൽടൊബെലി, സാറ ചെസ്റ്റർ, പെയ്റ്റണ് ചെസ്റ്റർ(13) എന്നിവരാണു മരിച്ച മറ്റുള്ളവർ.
കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററിൽ മകളെ ബാസ്കറ്റ് ബോൾ പരിശീലനത്തിനു കൊണ്ടുപോകുകയായിരുന്നു. എൻജിൻ തകരാറാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. പ്രൊഫഷണൽ ബാസ്കറ്റ് ബോൾ ടീമായ എൻബിഎയിലെ ലോസ് അഞ്ചലസ് ലേക്കേഴ്സ് എന്ന ടീമിനൊപ്പം ഇരുപതുവർഷം കളിച്ച കോബി, അഞ്ചു തവണ എൻബിഎ ചാന്പ്യനായിരുന്നു.18 തവണ ഓൾ സ്റ്റാർ പുരസ്കാരത്തിന് അർഹനായി.