പ്രസിഡൻഷ്യൽ സംവാദത്തിൽ അധിക്ഷേപവർഷം
Wednesday, September 30, 2020 11:39 PM IST
ക്ലീവ്ലൻഡ്: തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപും എതിരാളി ജോ ബൈഡനും തമ്മിൽ നടന്ന ആദ്യ സംവാദത്തിൽ സർവത്ര ചെളിവാരിയെറിയൽ. പരസ്പര ബഹുമാനം പുലർത്തുന്നതിന് ഇരുവരും തയാറായില്ല. ട്രംപ് വ്യാപകമായി ബൈഡന്റെ സംസാരം തടസപ്പെടുത്താൻ ശ്രമിച്ചു. ഒരുഘട്ടത്തിൽ ‘താനൊന്നു മിണ്ടാതിരിയെടോ’ എന്ന് ബൈഡനു പറയേണ്ടിവന്നു.
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍ഷ്യൽ സംവാദങ്ങളിലൊന്നാണു ചൊവ്വാഴ്ച രാത്രി ഒഹായോയിലെ ക്ലീവ്ലൻഡിൽ നടന്നത്. കൊറോണ, ആരോഗ്യം, സാന്പത്തികം, വംശീയ വിദ്വേഷം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച വാദപ്രതിവാദങ്ങൾ പലപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കു നീങ്ങി.
ട്രംപ് വെറും കോമാളിയാണ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നായക്കുട്ടിയാണ് തുടങ്ങിയ അധിക്ഷേപങ്ങൾ ബൈഡനിൽനിന്നുണ്ടായി. ഡ്രംപ് 73 തവണ ബൈഡന്റെ പ്രസംഗം തടസപ്പെടുത്താൻ നോക്കി.
വെള്ളക്കാരുടെ മേധാവിത്വ സിദ്ധാന്തം പിൻപറ്റുന്ന പ്രൗഡ് ബോയ്സ് എന്ന സംഘടനയെ തള്ളിപ്പറയണമെന്ന ബൈഡന്റെ ആവശ്യം ട്രംപ് അവഗണിച്ചത് ശ്രദ്ധേയമായി.
ബൈഡന്റെ മകൻ ഹണ്ടൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ട്രംപ് ആരോപിച്ചു. പൊട്ടിത്തെറിച്ച ബൈഡൻ, പലരെയും പോലെ തന്റെ മകനും ലഹരിപ്രശ്നം നേരിട്ടിരുന്നെന്നും എന്നാൽ അവൻ അതിനെ അതിജീവിച്ചെന്നും തിരിച്ചടിച്ചു.
സംവാദത്തിനു പിന്നാലെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയും വിജയം അവകാശപ്പെട്ടു. എഴുപത്തേഴു വയസുള്ള ബൈഡൻ ട്രംപിന്റെ ഇടപെടലുകളെയും ആക്രോശങ്ങളെയും പതറാതെ നേരിട്ടതിലൂടെ സംവാദത്തിൽ മേല്‍ക്കൈ നേടിയതായി വിലയിരുത്തപ്പെടുന്നു. സിബിഎസ് ന്യൂസ് നടത്തിയ സർവേയിൽ ബൈഡൻ വിജയിച്ചതായി 48ഉം ട്രംപ് ജയിച്ചതായി 41ഉം ശതമാനം പേർ അഭിപ്രായപ്പെട്ടു.
ഫോക്സ് ന്യൂസിലെ ആങ്കർ ക്രിസ് വാളസ് ആയിരുന്നു മോഡറേറ്റർ. കൊറോണയുടെ പശ്ചാത്തലത്തിൽ ആളകലം പാലിച്ചു നടന്ന ചടങ്ങിൽ വളരെക്കുറച്ചു കാണികൾ മാത്രമേ ഉണ്ടായിരുന്നു. ട്രംപും ബൈഡനും ഹസ്തദാനം ചെയ്തില്ല. ബൈഡൻ 43ഉം ട്രംപ് 38ഉം മിനിറ്റ് സംസാരിച്ചു. ഏറ്റവും കൂടുതൽ(20 മിനിറ്റ്) സംസാരിച്ചത് കൊറോണയെക്കുറിച്ചായിരുന്നു.
15, 22 തീയതികളിലായി രണ്ടു വട്ടം കൂടി ഇരുവരും സംവദിക്കും.