ചരിത്രദൗത്യം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ മടങ്ങി
Tuesday, March 9, 2021 1:30 AM IST
ബാഗ്ദാദ്: ഇറാക്കിലെ പാർശ്വവത്കരിക്കപ്പെട്ട വിശ്വാസികൾക്കു പുത്തൻ പ്രതീക്ഷകൾ സമ്മാനിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ നാലുദിവസത്തെ അപ്പസ്തോലിക് സന്ദർശനം പൂർത്തിയായി. സഹവർത്തിത്വവും സമാധാനവും ഊട്ടിയുറപ്പിക്കണമെന്ന ആഹ്വാനവുമായി അദ്ദേഹം തിങ്കളാഴ്ച റോമിലേക്ക് തിരിച്ചു.
ഇറാക്കിൽ സമാധാനം കൊണ്ടുവരാൻ ദൈവത്തിനു സാധിക്കുമെന്നും സന്മനസുള്ള എല്ലാ ജനങ്ങൾക്കുമൊപ്പം നാം ദൈവത്തിൽ വിശ്വസിക്കണമെന്നും സന്ദർശനം പൂർത്തിായ ഉടൻ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഭീകരതയെയും മതങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെയും വിലക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാഗ്ദാദ് വിമാനത്താവളത്തിൽ മാർപാപ്പയെയും സംഘത്തെയും യാത്രയയയ്ക്കാൻ ഇറാക്കി പ്രസിഡന്റ് ബെർഹം സാലി ഉൾപ്പെടെ പ്രമുഖർ സന്നിഹിതരായിരുന്നു.
നാലുദിവസം നീണ്ട സന്ദർശനത്തിൽ ഇറാക്കിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി, അവരുടെ സങ്കടങ്ങൾ പങ്കിടുകയായിരുന്നു.
നജഫിൽ വച്ച് ഇറാക്കി ഷിയകളുടെ ആത്മീയ നേതാവ് അയത്തുള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തിയ പാപ്പ വടക്കൻ മേഖലയായ നിനവെയിൽ ഐഎസ് ഭീകരരുടെ പീഡനങ്ങളേറ്റുവാങ്ങിയവരുമായി സംവദിച്ചു. മൊസൂൾ, ഇർബിൽ, ഖറാക്കോഷ് എന്നിവിടങ്ങളിൽ പീഡനങ്ങൾ നേരിട്ട ക്രൈസ്തവർക്കൊപ്പം സമയം ചെലവഴിച്ച മാർപാപ്പ, ക്ഷമാശീലത്തിന്റെ ശക്തിയെക്കുറിച്ചും സ്നേഹത്തിൽ അധിഷ്ഠിതമായി സമൂഹം പുനർസൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് സംസാരിച്ചത്.
അഭയാർഥികളുടെ തീരാവേദനയുടെ പ്രതീകമായ എയ്ലാൻ കുർദിയുടെ പിതാവ് അബ്ദുള്ളയുമായും ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. വടക്കൻ കുർദിസ്ഥാനിലെ അർബിലിൽ നടന്ന വികാരനിർഭരമായ കൂടിക്കാഴ്ചയിൽ ഇരുവരും ഏറെ നേരം സംസാരിച്ചു. പലായനത്തിനിടെ കുടുംബത്തെ മുഴുവൻ നഷ്ടമായ അബ്ദുള്ളയുടെ വേദനയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കുചേർന്നു.
ആറു വർഷം മുന്പ് തുർക്കിയിലെ ബ്രോഡം തീരത്താണ് എയ്ലാൻ കുർദിയെന്ന മൂന്നുവയസുകാരൻ മുങ്ങിമരിച്ചത്.