വുഹാനുശേഷം വീണ്ടും ചൈനയെ ഭയപ്പെടുത്തി കോവിഡ് വ്യാപനം
Saturday, July 31, 2021 11:32 PM IST
ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. 2019 ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് ബാധ നിയന്ത്രിച്ചശേഷം ആദ്യമായാണ് ആശങ്കാ ജനകമായ അളവിൽ രോഗം വ്യാപിക്കുന്നത്.
കഴിഞ്ഞ 20നു നാന്‍ജിംഗ് വിമാനത്താവളത്തിൽ ഒരു രോഗിക്ക് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം തലസ്ഥാനമായ ബെയ്ജിംഗിലും രാജ്യത്തെ അഞ്ച് പ്രവിശ്യകളിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. കുറഞ്ഞത് 200 പേർക്കെങ്കിലും രോഗം ബാധിച്ചതായാണ് കണക്കുകൾ.
രോഗബാധ തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. രോഗബാധ ശ്രദ്ധയിൽപ്പെട്ടതോടെ നാൻജിംഗ് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഈ മാസം 11 വരെ നിർത്തിവച്ചിരിക്കുകയാണ്. പ്രദേശത്ത് ഭാഗിക ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.