പാക്കിസ്ഥാനിൽ തീവ്ര മതവാദികൾ പോലീസ് സ്റ്റേഷനു തീവച്ചു
Monday, November 29, 2021 10:37 PM IST
ഇസ്ലാമാബാദ്: ഖുറാൻ വചനങ്ങകൾ രേഖപ്പെടുത്തിയ പേപ്പർ മനോദൗർബല്യമുള്ളയാൾ കത്തിച്ചതിനെത്തുടർന്നു പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ സംഘർഷം.
മനോദൗർബല്യമുള്ളയാളെ വിട്ടുനൽകിയില്ലെന്നാരോപിച്ച് അയ്യായിരത്തോളം വരുന്ന തീവ്ര ഇസ്ലാമികവാദികൾ ചാർസാദയിലെ മൻദാനി പോലീസ് സ്റ്റേഷനു തീവച്ചു. മതനിന്ദ ആരോപിച്ച് ഞായറാഴ്ചയാണ് മനോദൗർബല്യമുള്ളയാളെ അറസ്റ്റ്ചെയ്തതെന്ന് നിയമമന്ത്രി ഫസൽ ഷക്കൂർ പറഞ്ഞു.
മൻദാനി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ഇയാളെ വിട്ടുകിട്ടണമെന്ന ആവശ്യം നിരാകരിച്ചതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. പോലീസ് സ്റ്റേഷൻ കെട്ടിടത്തിനും പുറത്ത് പാർക്ക്ചെയ്തിരുന്ന വാഹനങ്ങൾക്കും ജനക്കൂട്ടം തീവച്ചു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ മന്ത്രി തുടർനടപടികൾ നിയമപരമായി പൂർത്തിയാക്കുമെന്നും അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റിലായ ആളുകളുടെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മനോദൗർബല്യമുള്ളയാളാണ് അറസ്റ്റിലായതെന്ന് സമൂഹമാധ്യമങ്ങളിലും പ്രചാരണമുണ്ട്.