ദോഹയിലെ ഇസ്രേലി ആക്രമണം: അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
Thursday, September 11, 2025 2:19 AM IST
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങള്‍. പരമാധികാരത്തെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഖത്തര്‍ എടുക്കുന്ന ഏതു തീരുമാനത്തിനും ഒപ്പമുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി.
22 അറബ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട അറബ് ലീഗും ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സിലുമാണ് ഖത്തറിനെതിരായ ഇസ്രേലി ആക്രമണത്തെ അപലപിച്ചത്. ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ജോർദാന്‍ കിരീടാവകാശി ഹുസൈനും ഇന്നലെ ദോഹയിലെത്തിയിട്ടുണ്ട്.
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്നു ദോഹയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ദോഹയിലെ ഇസ്രേലി ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള നഗ്നമായ ലംഘനമാണെന്നും ഇസ്രയേലി പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനെതിരേ രാജ്യാന്തരതലത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ഖത്തർ അറിയിച്ചു.
ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഹമാസ്, തങ്ങളുടെ നേതാക്കൾ സുരക്ഷിതരാണെന്നും വ്യക്തമാക്കി. ദോഹയിൽ പ്രവാസജീവിതം നയിക്കുന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനുൾപ്പെടെ അഞ്ച് ഹമാസ് പ്രവർത്തകരും ഒരു ഖത്തർ സൈനികനുമാണ് കൊല്ലപ്പെട്ടതെന്നാണു റിപ്പോർട്ട്.
ദോഹയിലെ ഇസ്രേലി ആക്രമണം ചർച്ച ചെയ്യാൻ ഇന്നലെ ചേരാൻ നിശ്ചയിച്ച യുഎൻ സുരക്ഷാ കൗൺസിൽ യോഗം ഇന്നത്തേക്കു മാറ്റി. ഖത്തറിന്റെ അഭ്യർഥനപ്രകാരമാണു മാറ്റിയത്. യോഗത്തിൽ ഖത്തർ പ്രധാനമന്ത്രി കാര്യങ്ങൾ വിശദീകരിക്കും.
അതേസമയം, ആക്രമണത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യായീകരിച്ചു. 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച മുതിർന്ന ഹമാസ് നേതാക്കളെയാണു തങ്ങൾ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദോഹയിലേത് ഹമാസിന്റെ ഉന്നതനേതൃത്വത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമായിരുന്നുവെന്നും ഹമാസുമായി ബന്ധമില്ലാത്ത ആളുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഇസ്രേലി സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
ദോഹയിലെ ഹമാസ് കേന്ദ്രത്തിനുനേരേ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ നേരത്തേ അമേരിക്കയെ അറിയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ദോഹയിൽ നടന്ന ഇസ്രേലി ആക്രമണം യുഎസ് പ്രസിഡന്റിന്റെ നിർദിഷ്ട വെടിനിർത്തൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ ഹമാസ് പ്രതിനിധിസംഘത്തെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഖത്തർ അറിയിച്ചു.
ഖത്തറിലെ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണം രാഷ്ട്ര ഭീകരതയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും ഖത്തര്‍ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.