പഞ്ചസാര കയറ്റുമതിക്കു നിയന്ത്രണം വരുന്നു
Wednesday, May 25, 2022 12:31 AM IST
മുംബൈ: പഞ്ചസാര കയറ്റുമതിക്കു നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും രാജ്യത്ത് പഞ്ചസാര ലഭ്യത ഉറപ്പുവരുത്താനുമാണു നടപടി. ആറു വർഷത്തിനിടെ ആദ്യമായാണു കേന്ദ്രസർക്കാർ പഞ്ചസാര കയറ്റുമതിക്കു നിയന്ത്രണമേർപ്പെടുത്തുന്നത്.
ലോകത്തിലെ ഏറ്റവുംവലിയ പഞ്ചസാര ഉത്പാദക രാജ്യമായ ഇന്ത്യ, ആഗോള പഞ്ചസാര കയറ്റുമതിയിൽ രണ്ടാം സ്ഥാനത്താണ്. ബ്രസിൽ ആണ് ഏറ്റവുമധികം പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യം. ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണു കൂടുതലായി ഇന്ത്യയിൽനിന്നുള്ള പഞ്ചസാര കയറ്റുമതിയെ ആശ്രയിക്കുന്നത്.
കയറ്റുമതി ഒരു കോടി ടണ്‍ ആയി നിന്ത്രിക്കാനാണു പദ്ധതി. നേരത്തേ, ഇത് 80 ലക്ഷം ടണ്‍ ആക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഉത്പാദനം മുൻ സീസണിനെ അപേക്ഷിച്ച് കൂടുതലായതിനാൽ ഒരു കോടി ടണ്‍വരെ പഞ്ചസാര കയറ്റുമതി ചെയ്യാൻ അനുമതി നല്‍കുകയായിരുന്നു.
കയറ്റുമതി ഒരു കോടി ടൺ ആയി നിജപ്പെടുത്തുന്നതോടെ ആഭ്യന്തരവിപണിയിലെ ആവശ്യത്തിനുളള പഞ്ചസാരലഭ്യത ഉറപ്പുവരുത്താനാകുമെന്നു വിപണിവൃത്തങ്ങൾ പ്രതികരിച്ചു. നേരത്തെ ഗോതന്പ് കയറ്റുമതിക്കും കേന്ദ്രസർക്കാർ നിയിന്ത്രണമേർപ്പെടുത്തിയിരുന്നു.
——