ഫ്രാൻസിന് സമനില
Wednesday, October 15, 2025 1:14 AM IST
പാരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ യൂറോപ്യൻ യോഗ്യത മത്സരത്തിൽ ഫ്രാൻസിനെ ഐസ്ലൻഡ് സമനിലയിൽ കുരുക്കി. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ പിന്നിൽനിന്നശേഷമാണ് ഫ്രാൻസ് സമനില പിടിച്ചത്.
39-ാം മിനിറ്റിൽ വിക്ടർ പാൽസണ് ഐസ്ലൻഡിന് ലീഡ് നേടിക്കൊടുത്തു. 63-ാം മിനിറ്റിലാണ് ഫ്രാൻസ് ക്രിസ്റ്റഫർ കുങ്കുവിലൂടെ സമനില പിടിച്ചത്. 68-ാം മിനിറ്റിൽ ജീൻ ഫിലിപ് മറ്റേറ്റയിലൂടെ ഫ്രാൻസ് മുന്നിലെത്തി. എന്നാൽ, രണ്ടു മിനിറ്റിനുള്ളിൽ ഐസ്ലൻഡ് രണ്ടാം ഗോളിലൂടെ സമനില പിടിച്ചു.
ക്രിസ്റ്റ്യൻ ഹ്ലൈൻസണ് ആണ് സ്കോർ ചെയ്തത്. പരിക്കിന്റെ പിടിയിലായ ക്യാപ്റ്റൻ കിലിയൻ എംബപ്പെ, ബാലൻ ഡി ഓർ വിന്നറായ ഉസ്മാൻ ഡെംബെലെ എന്നീ പ്രമുഖരില്ലാതെയിറങ്ങിയ ഫ്രാൻസ് 10 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ്.
ജർമൻ ജയം (1-0)
ഗ്രൂപ്പ് എയിൽ എതിരില്ലാത്ത ഒരു ഗോളിന് ജർമനി നോർത്തേണ് അയർലൻഡിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം ഉറപ്പിച്ചു. നാല് മത്സരങ്ങളിൽ തോൽവി വഴങ്ങാത്ത ജർമനിക്ക് നിക്ക് വോൾട്ട്മേഡ് 31-ാം മിനിറ്റിൽ നേടിയ ഗോളാണ് ജയമൊരുക്കിയത്.
ഡി ബ്രൂയിൻ ഡബിൾ
ഗ്രൂപ്പ് ജെയിൽ തുടക്കം മുതൽ ഒടുക്കം വരെ ഗോൾ മഴ പെയ്ത മത്സരത്തിൽ കെവിൻ ഡി ബ്രൂയിന്റെ ഇരട്ട ഗോൾ ബലത്തിൽ വെയ്ൽസിനെ 2-4ന് വീഴ്ത്തി ബൽജിയം ഒന്നാം സ്ഥാനം പിടിച്ചു. എട്ടാം മിനിറ്റിൽ ജോ റൻഡൺ വെയ്ൽസിനായി മത്സരത്തിലെ ആദ്യ ഗോൾ നേടി.
18-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കെവിൻ ഡി ബ്രൂണെ ബൽജിയത്തിനായി ഗോൾ മഴയ്ക്ക് തുടക്കമിട്ടു. തോമസ് മ്യുനീർ (24’), പൊനാൽറ്റിയിലൂടെ ഡി ബ്രൂയിൻ (76’), ലിയാൻഡ്രോ ട്രൊസാർഡ് (90’) എന്നിങ്ങനെയായിരുന്നു ബെൽജിയത്തിന്റെ ശേഷിച്ച ഗോളുകൾ.
മറ്റു മത്സരങ്ങളിൽ നോർത്ത് മക്ഡോനിയ കസാക്കിസ്ഥാനുമായും (1-1) സ്ലോവേനിയ സ്വിറ്റ്സർലൻഡുമായും (0-0) സമനിലയിൽ പിരിഞ്ഞപ്പോൾ യുക്രെയൻ 2-1ന് അസർബൈജാനെ പരാജയപ്പെടുത്തി.