യോഗിക്കെതിരേ കർഷക പ്രതിഷേധം; യുപിയിൽ സ്കൂളിൽ കുട്ടികൾക്കൊപ്പം പശുക്കൾ
Wednesday, August 14, 2019 11:57 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഒരു പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിൽ നൂറുകണക്കിനു പശുക്കക്കുളും. ഗോൻഹാട്ട് ഗ്രാമത്തിലാണ് സംഭവം. പശു സംരക്ഷണത്തിനു അമിത പ്രാധാന്യം നൽകുന്ന യോഗി ആദിത്യനാഥ് സർക്കാരിനെതിരേയുള്ള പ്രതിഷേധമായാണ് കർഷകരായ ഗ്രാമവാസികൾ സ്ഥലത്തുള്ള കന്നുകാലികളെ സ്കൂളിലെ ക്ലാസ്മുറികളിൽ കെട്ടി പ്രതിഷേധിച്ചത്.
കന്നുകാലികളെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ കടുത്ത നടപടികൾക്കിടെ സ്ഥലത്ത് അലഞ്ഞു തിരിയുന്ന പശുക്കൾ കൃഷിയിടങ്ങളിൽ നാശമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് വ്യത്യസ്തമായ പ്രതിഷേധത്തിനു നാട്ടുകാർ അരങ്ങൊരുക്കിയത്.
സ്ഥലത്തുണ്ടായിരുന്ന 200 കന്നുകാലികളെ ഇന്നലെ രാവിലെ സ്കൂളിലെത്തിച്ച് കെട്ടിയിട്ടു. കുട്ടികൾക്കൊപ്പം കന്നുകാലികൾ കൂടി ക്ലാസ് മുറികളിൽ നിറഞ്ഞതോടെ പോലീസും പ്രാഥമിക വിദ്യാഭ്യാസ ഓഫീസറും (ബിഎസ്എ) സ്ഥലത്തെത്തി.
കന്നുകാലികളെ സ്കൂളിൽ നിന്നു മാറ്റണമെന്ന അഡീഷണൽ ബിഎസ്എ രാജേന്ദ്ര പ്രസാദിന്റെ ആവശ്യം ഗ്രാമവാസികൾ അംഗീകരിച്ചില്ല. കുട്ടികളുടെ ജീവൻ അപകടത്തിലാക്കിയതിനും സ്കൂൾ ഗേറ്റ് തകർത്ത് കന്നുകാലികളെ കെട്ടിയിട്ടതിനും പോ ലീസ് കേസെടുത്തു.