പിഎംസി ബാങ്ക് തട്ടിപ്പ്: ആവശ്യമെങ്കിൽ നിയമ ഭേദഗതിയെന്നു ധനമന്ത്രി
Friday, October 11, 2019 12:52 AM IST
മുംബൈ: സഹകരണ ബാങ്കുകളുടെ മികച്ച ഭരണത്തിന് നിയമങ്ങളിൽ ഭേദഗതി വരുത്താൻ സമിതിയെ നിയോഗിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ .
കോ-ഓപ്പറേറ്റീവ് ബാങ്ക് നിയമത്തിൽ ആവശ്യമെങ്കിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഭേദഗതി വരുത്തുമെന്നും പത്രസമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞു. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിൽ 4,500 കോടി രൂപയുടെ അഴിമതിയാണ് വെളിച്ചത്തു വന്നത്. ബാങ്കിൽനിന്ന് പണം പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകളുടെ നിയന്ത്രണത്തിനായി രൂപരേഖ തയാറാക്കൻ തീരുമാനിച്ചു. സാന്പത്തികകാര്യം, ഗ്രാമീണകാര്യം, നഗരവികസനം മന്ത്രാലയങ്ങിലെ സെക്രട്ടറിമാരും ആർബിഐ ഡെപ്യൂട്ടി ഗവർണറുമാണ് സമിതി അംഗങ്ങൾ.
ഭാവിയിൽ ഇത്തരം തട്ടിപ്പുകൾ നടക്കാതിരിക്കാനും ബാങ്കുകളുടെ നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും ഉദ്ദേശിച്ചാണ് കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്- ധനമന്ത്രി പറഞ്ഞു. പിഎംസി തട്ടിപ്പ് വെളിച്ചത്തു വന്നതിനെതുടർന്ന് ബാങ്കിൽനിന്ന് 1000 രൂപയിൽ കൂടുതൽ പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട്, നിക്ഷേപകരുടെ പ്രതിഷേധത്തെത്തുടർന്ന് പരിധി 25,000 ആയി ഉയർത്തി. ബാങ്കിലെ 9,000 കോടി രൂപ നിക്ഷേപത്തിന്റെ 70 ശതമാനം പാപ്പർ ഭീഷണി നേരിടുന്ന എച്ച്ഡിഐഎലിന് വായ്പയായി നൽകിയിരിക്കുകയാണ്.