ഡി.കെ. ശിവകുമാറിനു ജാമ്യം; രാജ്യം വിടരുതെന്ന് ഉപാധി
Thursday, October 24, 2019 12:06 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കർണാടക കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനു ജാമ്യം. 25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെ വൈകുന്നേരം ശിവകുമാർ തിഹാർജയിലിൽനിന്നു പുറത്തിറങ്ങി. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ഉപാധിയും ജസ്റ്റീസ് സുരേഷ് കൈറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എതിർപ്പിനെ മറികടന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശിവകുമാർ പുറത്തുവന്നാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു ഇഡിയുടെ വാദം. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല. ഇത്തരം വാദങ്ങൾ ശരിവയ്ക്കുന്ന രീതിയിലുള്ള വസ്തുതാപരമായ തെളിവുകളൊന്നും ഏജൻസി ഹാജരാക്കിയിട്ടില്ലെന്നും ജഡ്ജി വ്യക്തമാക്കി.
സെപ്റ്റംബർ മൂന്നിനാണ് ഡി.കെ. ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നികുതി അടച്ചില്ല, രേഖകളില്ലാതെ കോടികളുടെ പണമിടപാട് നടത്തി തുടങ്ങിയവയാണ് ശിവകുമാറിനെതിരേ ഇഡി ആരോപിക്കുന്നത്. 2013ൽ ഒരു കോടി രൂപ ആസ്തിയുണ്ടായിരുന്ന മകൾ ഐശ്വര്യയുടെ സന്പാദ്യം നൂറ് കോടിയിലേറെ വർധിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ രാവിലെ തിഹാർ ജയിലിലെത്തി സന്ദർശനം നടത്തിയതിനു പിന്നാലെയാണ് ശിവകുമാറിനു ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടത്.
അംബികാ സോണി അടക്കമുള്ള കോണ്ഗ്രസ് നേതാക്കളും ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷും സോണിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. പാർട്ടി ഡി.കെ ശിവകുമാറിനൊപ്പം ഉണ്ടെന്നും എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകുമെന്നും സോണിയ പറഞ്ഞതായി സുരേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.