മോദിയുടെ തെരഞ്ഞെടുപ്പു സൂത്രധാരൻ ആം ആദ്മി ക്യാന്പിൽ
Sunday, December 15, 2019 12:31 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കു വേണ്ടി തന്ത്രങ്ങൾ രൂപീകരിക്കാൻ പ്രശാന്ത് കിഷോറും സംഘവും. 2014 തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കു വേണ്ടി പ്രചാരണ തന്ത്രങ്ങൾ ഒരുക്കിയത് പ്രശാന്ത് കിഷോറായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറുമായി ചേർന്നു പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തന്നെയാണ് ഇന്നലെ വ്യക്തമാക്കിയത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ മമത ബാനർജിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ചുമതലയും കിഷോർ ഏറ്റെടുത്തിട്ടുണ്ട്. ഡൽഹിയിലെയും പശ്ചിമബംഗാളിലെയും ബിജെപി മുന്നേറ്റത്തെ തടയാൻ കിഷോറിന്റെ പ്രചാരണ തന്ത്ര ങ്ങൾക്കു കഴിയുമെന്നാണ് ആംആദ്മിയുടെയും തൃണമൂൽ കോണ്‍ഗ്രസിന്റെയും പ്രതീക്ഷ.
ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന്റെ ദേശീയ വൈസ് പ്രസിഡന്റാണ് നിലവിൽ പ്രശാന്ത് കിഷോർ. 2015ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിനെയും നിതീഷ് കുമാറിനെയും അധികാരത്തിലെത്തിച്ചത് ഉൾപ്പെടെ നിരവധി വിജയകരമായ പ്രചാരണതന്ത്രങ്ങൾ പ്രശാന്തിന്റേതായിരുന്നു. അന്ന് പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമായിരുന്നു നിതീഷ്. പിന്നീട് എൻഡിഎയിൽ ചേരുകയായിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പ്രചാരണതന്ത്രങ്ങളും പ്രശാന്ത് കിഷോറിന്റേതായിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ജെഡിയുവിന്റെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കിഷോർ രംഗത്തെത്തിയിരുന്നു.