പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള സർക്കാർ സുപ്രീംകോടതിയിൽ
Wednesday, January 15, 2020 12:38 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ച് സ്യൂട്ട് ഹർജിയായാണ് നൽകിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നൽകിയ 60-ഓളം ഹർജികൾ 23നു കോടതി പരിഗണിക്കാനിരിക്കേയാണ് സർക്കാരിന്റെ നീക്കം.
കേന്ദ്രം പാസാക്കിയ നിയമത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി നൽകുന്ന ആദ്യത്തെ സംസ്ഥാനമാണു കേരളം. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത്.
ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണ് ഈ നിയമമെന്നു ഹർജിയിൽ പറയുന്നു. മുസ്ലിം വിഭാഗങ്ങളോടുള്ള വിവേചനമാണ് നിയമത്തിലൂടെ ഉണ്ടാകുന്നതെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നേരത്തേ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.