ഡിഎംകെ - കോൺഗ്രസ് തർക്കം പരിഹരിച്ചു
Sunday, January 19, 2020 12:36 AM IST
ചെന്നൈ: ഡിഎംകെയും കോൺഗ്രസും വീണ്ടും ധാരണയിലെത്തി. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനാണു സഖ്യത്തെ സംസ്ഥാനത്തുനയിക്കുക എന്നു കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചു. സഖ്യം 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് അപ്പുറത്തേക്കും തുടരുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ഇന്നലെ രാവിലെ സ്റ്റാലിനെ സന്ദർശിച്ചു ചർച്ച നടത്തി.
ഡിഎംകെ ആസ്ഥാനമായ അണ്ണ അറിവാലയത്തിലായിരുന്നു കൂടിക്കാഴ്ച. അതിനുശേഷം തമിഴ്നാട് പിസിസി പ്രസിഡന്റ് കെ.എസ്. അഴഗിരി സ്റ്റാലിനെ കണ്ടു.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സഖ്യത്തിലുണ്ടായ വിള്ളൽ പിന്നീട് നേതാക്കളുടെ പ്രസ്താവനകളിലൂടെ വളരുകയായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരേ കൂട്ടായ പ്രക്ഷോഭത്തിനു വിളിച്ച ഡൽഹി യോഗത്തിൽനിന്നു ഡിഎംകെ വിട്ടുനിൽക്കുകയും ചെയ്തു.
പി. ചിദംബരത്തിന്റെ വിശ്വസ്തനായ അഴഗിരി, ഡിഎംകെയെ വിട്ട് രജനികാന്തിന്റെ സഖ്യത്തിൽ കോൺഗ്രസിനെ ചേർക്കാൻ ശ്രമം നടത്തുന്നതായ സംശയമാണ് ഡിഎംകെ - കോൺഗ്രസ് ബന്ധത്തെ ഉലച്ചത്.
ഹൈക്കമാൻഡിന്റെ ദൂതനായി വന്ന നാരായണ സ്വാമി ഇത്തരം നീക്കമില്ലെന്നു സ്റ്റാലിന് ഉറപ്പുനൽകി. തുടർന്നായിരുന്നു അഴഗിരിയുമായുള്ള കൂടിക്കാഴ്ച. പഞ്ചായത്ത് സമിതികളുടെ അധ്യക്ഷസ്ഥാനങ്ങളിൽ കോൺഗ്രസിന് അർഹതപ്പെട്ടതു കിട്ടിയില്ലെന്ന് അഴഗിരിയും കോൺഗ്രസിനു തമിഴ്നാട്ടിൽ വോട്ടില്ലെന്നു ഡിഎംകെ ട്രഷറർ ദുരൈ മുരുകനും കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അതെല്ലാം തങ്ങൾ മറക്കുന്നതായി ഇരുകക്ഷികളും ഇന്നലെ പറഞ്ഞു.