എൻപിആർ അപകടകരമായ കളി, എൻആർസിക്കെതിരേ പ്രമേയം കൊണ്ടുവരുമെന്നും മമത
Monday, January 20, 2020 11:34 PM IST
കോൽക്കത്ത: ദേശീയപൗരത്വ രജിസ്റ്ററുമായി സഹകരിക്കുന്നതിനുമുന്പ് അതിലെ നിർദേശങ്ങൾ പൂർണമായി മനസിലാക്കണമെന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ബിജെപി ഇതരസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അഭ്യർഥന. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) അപകടകരമായ കളിയാണെന്നു പറഞ്ഞ മമത ഇതിൽ മാതാപിതാക്കളുടെ ജനനരേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി)യിൽ ഉപയോഗിക്കാനാണെന്നും ആരോപിച്ചു.
എൻപിആറിലെ ചട്ടങ്ങൾ വിശദമായി പരിശോധിക്കാൻ ത്രിപുര, ആസാം, മണിപ്പുർ, അരുണാചൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് അഭ്യർഥിക്കുകയാണ്.
ബിജെപി ഇതരസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇക്കാര്യം പരിശോധിക്കണമെന്ന് മമത ആവശ്യപ്പെട്ടു.
പൗരത്വനിയമ ഭേദഗതിക്കെതിരേ പശ്ചിമബംഗാൾ നിയമസഭ ഉടൻ പ്രമേയം പാസിക്കും. എൻപിആറിനു മാതാപിതാക്കളുടെ ജനനസർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്നതു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.
മാതാപിതാക്കളുടെ ജനനവിവരങ്ങൾ നിർബന്ധമല്ലെങ്കിൽ എന്തിനാണവ വിവരശേഖരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മമത ചോദിച്ചു.