ഗർഭിണികളും കുട്ടികളും രോഗികളും യാത്ര ഒഴിവാക്കണം: റെയിൽവേ
Saturday, May 30, 2020 12:17 AM IST
ന്യൂഡൽഹി: ഗർഭിണികളും കുട്ടികളും രോഗികളും യാത്ര ഒഴിവാക്കണമെന്ന് റെയിൽവേ മന്ത്രാലയം. ശ്രമിക് ട്രെയിനുകളിലെ യാത്ര സംബന്ധിച്ച് പുറത്തിറക്കിയ മാർഗ നിർദേശങ്ങളിലാണ് മന്ത്രാലയം ഇക്കാര്യം പറയുന്നത്. പത്ത് വയസിൽ താഴെയുള്ളവരും 65 വയസിനു മുകളിലുള്ളവരും അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാവൂവെന്നും റെയിൽവേയുടെ നിർദേശത്തിൽ പറയുന്നു.
ശ്രമിക് ട്രെയിനുകളിൽ കുടിയേറ്റ തൊഴിലാളികളിൽ ചിലർ മരിച്ചതോടെയാണ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. മുന്‍പുണ്ടായിരുന്ന രോഗങ്ങൾ മൂലം യാത്രക്കാരിൽ ചിലർ മരിച്ചതു നിർഭാഗ്യകരമായ സംഭവമാണ്. ഈ സാഹചര്യത്തിൽ രക്തസമ്മർദം, പ്രമേഹം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവരും രോഗപ്രതിരോധ ശക്തി കുറവുള്ളവരും ഗർഭിണികൾ, പത്ത് വയസിൽ താഴെയുള്ളവർ, 65 വയസിനു മുകളിലുള്ളവർ എന്നിവർ യാത്ര പരമാവധി ഒഴിവാക്കണം.
വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിലുള്ളവർ യാത്ര ചെയ്യാവൂ. യാത്രയ്ക്കിടയിൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ 139, 138 എന്നീ ഹെൽപ് ലൈനുകളിൽ ബന്ധപ്പെടാവുന്നതാണെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.