സച്ചിൻ പാർട്ടിവിട്ടു പോകരുതെന്ന് പ്രിയങ്ക
Wednesday, July 15, 2020 12:14 AM IST
ന്യൂഡൽഹി: പാർട്ടി വിട്ടുപോകരുതെന്ന ആവശ്യവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെത്തന്നെ നാലു തവണ ഫോണിൽ സച്ചിൻ പൈലറ്റുമായി ബന്ധപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ ഉച്ചകഴിഞ്ഞു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും പ്രിയങ്ക കൂടിക്കാഴ്ച നടത്തി. എങ്കിലും മുഖ്യമന്ത്രിപദത്തിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാതിരുന്ന സച്ചിൻ പൈലറ്റിനോട് അതു സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീർത്തുപറഞ്ഞു.
സച്ചിൻ പൈലറ്റിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കിയ ഉടൻതന്നെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംസ്ഥാന ഗവർണർ കൽരാജ് മിശ്രയെ കണ്ട് ഭരണപക്ഷത്തിന് ആൾബലമുണ്ടെന്ന് ഉറപ്പു നൽകി. പൈലറ്റ് ഉൾപ്പെടെ മൂന്നു മന്ത്രിമാരെ പുറത്താക്കിയ വിവരവും ധരിപ്പിച്ചു. ബിജെപി ശക്തമായി ആവശ്യപ്പെട്ടാൽ രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പു നടത്താൻ ഗവർണർ അനുമതി നൽകും. 107 എംഎൽഎമാരുള്ള കോണ്‍ഗ്രസിന് സച്ചിന്റെ അനുയായികൾ മാറി നിന്നാൽ സ്വതന്ത്ര എംഎൽഎമാരിൽ പ്രതീക്ഷ അർപ്പിക്കുകയേ വഴിയുള്ളൂ.
ഈ സാഹചര്യത്തിൽ ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട് എംഎൽഎമാരുടെ വോട്ടുകൾ നിർണായകമാകും. എന്നാൽ, വിശ്വാസ വോട്ടെടുപ്പിൽ കോണ്‍ഗ്രസിനെയോ ബിജെപിയെയോ പിന്തുണയ്ക്കില്ലെന്നു ചൂണ്ടിക്കാട്ടി പാർട്ടി ചൊവ്വാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. തന്നെ റിസോർട്ടിൽ പോലീസ് തടഞ്ഞു വച്ചിരിക്കുകയാണെന്നും കാറിന്റെ താക്കോൽ അടക്കം എടുത്തു മാറ്റിയെന്നും ഭാരതീയ ട്രൈബൽ പാർട്ടി എംഎൽഎ രാജ്കുമാർ റോട്ട് പരാതിപ്പെട്ടിരുന്നു. സിപിഎമ്മിന്റെയും ആർജെഡിയുടെയും രണ്ട് എംഎൽഎമാരുടെയും 13 സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണ കോണ്‍ഗ്രസിനുണ്ട്.