ആസാം-മിസോറം അതിർത്തിയിൽ സംഘർഷം; നിരവധി പേർക്കു പരിക്ക്
Monday, October 19, 2020 12:45 AM IST
ഐസ്വാൾ/സിൽച്ചർ: ആസാം-മിസോറം അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റു. മിസോറമിലെ കോലാസിബ് ജില്ലയും ആസാമിലെ കാചാർ ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്തായിരുന്നു സംഘർഷം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.
മിസോറമിലെ വൈരെംഗ്തേ, ആസാമിലെ ലൈലാപുർ ഗ്രാമങ്ങൾക്കു സമീപമായിരുന്നു സംഘർഷം. ഇന്ത്യൻ റിസർവ് ബറ്റാലിയൻ അംഗങ്ങളെ ഇവിടെ മിസോറം സർക്കാർ വിന്യസിച്ചു. മിസോറമിലെ കോലാസിബ് ജില്ലയിലാണു വൈരെംഗ്തേ. ആസാമിനെ മിസോറമുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 306 കടന്നുപോകുന്നത് മിസോറമിന്റെ വടക്കേയറ്റമായ വൈരെംഗ്തേയിലൂടെയാണ്.
ഇതിന്റെ തൊട്ടടുത്ത ഗ്രാമമാണ് ആസാമിലെ ലൈലാപുർ. ശനിയാഴ്ച വൈകുന്നേരം വൈരെംഗ്തേയിൽ ഒത്തുചേർന്ന പ്രദേശവാസികളെ ആസാമിൽനിന്നുള്ളവർ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. ഇതിനു തിരിച്ചടിയായി വൈരെഗ്തേ നിവാസികൾ, ദേശീയപാതയ്ക്കു സമീപം ലൈലാപുർ നിവാസികളുടെ 20 കുടിലുകളും സ്റ്റാളുകളും തീവച്ചു. സംഘർഷം മണിക്കൂറുകൾ നീണ്ടു. മിസോറമിലെ നാലു പേരടക്കം നിരവധി പേർക്കു പരിക്കേറ്റു.
ഒരാൾക്കു കഴുത്തിൽ വെട്ടേറ്റിട്ടുണ്ട്. കോലാസിബ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്. ആസാം ഭാഗത്തു പരിക്കേറ്റയാളെ സിൽചർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് അനധികൃതമായി മരം മുറിക്കുന്നതുമൂലം ഓരോ വർഷവും സംഘർഷം പതിവാണെന്ന് ആസാം വനം മന്ത്രിയും സ്ഥലം എംഎൽഎയുമായ പരിമൾ ശുക്ല ബൈദ്യ പറഞ്ഞു.ആസാം-മിസോറം അതിർത്തിയിൽ താമസിക്കുന്ന 80 ശതമാനത്തിലേറെ പേർ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് മിസോറമിലെ ഭരണകക്ഷിയായ എംഎൻഎഫിന്റെ എംഎൽഎ ലാൽറിന്റുവാംഗ സൈലോ കുറ്റപ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കറടക്കം എംഎൻഎഫിന്റെ 11 എംഎൽഎമാർ വൈരെഗ്തേയിൽ ക്യാന്പ് ചെയ്യുകയാണ്. അതിർത്തിസംഘർഷം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സോറംതൻഗ മന്ത്രിസഭാ യോഗം വിളിച്ചുചേർത്തു. ആസാമുമായി മിസോറം164.6 കിലോമീറ്റർ അതിർത്തി പങ്കിടുന്നു.
വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ഭല്ലയുടെ അധ്യക്ഷതയിൽ ഇന്ന് ഇരു സംസ്ഥാനങ്ങളുടെയും യോഗം ചേരും. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും.