ബിജെപിയെ നേരിടാൻ കോൺഗ്രസ് ശക്തമല്ലെന്നു ജി-23 ഗ്രൂപ്പ്
Sunday, February 28, 2021 12:11 AM IST
ന്യൂഡൽഹി: ബിജെപിയെ നേരിടാൻ കോണ്‍ഗ്രസ് ഇപ്പോൾ ശക്തമല്ലെന്നു പുതുച്ചേരിയിലെ കോണ്‍ഗ്രസ് സർക്കാരിന്റെ വീഴ്ചയും ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും വെളിവാക്കുന്നെന്നു കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരസ്യ വിമർശനവുമായി രംഗത്തെത്തിയ ജി-23 ഗ്രൂപ്പ് നേതാക്കൾ. ഗുലാം നബി ആസാദിനെ ആദരിക്കാനായി ജമ്മുവിൽ ഇന്നലെ ചേർന്ന ‘വിമത’ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ.
അഖിലേന്ത്യ നേതൃത്വത്തിനെതിരേ കത്തെഴുതിയ 23 അംഗ ഗ്രൂപ്പ് സംഘടിപ്പിച്ച ജമ്മുവിലെ ചടങ്ങിൽ പാർട്ടിയിലെ മറ്റു മുതിർന്നവരുടെ അസാന്നിധ്യം ശ്രദ്ധേയമായി. കത്തിൽ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളിൽ ഇനിയും തീരുമാനം ഉണ്ടാകാത്തതിൽ പാർട്ടി നേതൃത്വത്തിനു ശക്തമായ മുന്നറിയിപ്പു നൽകുന്നതായിരുന്നു സമ്മേളനം.
കോണ്‍ഗ്രസിൽ പിൻവാതിലിലൂടെ കയറിയവരല്ല തങ്ങളിൽ ഒരാളുമെന്നു ചടങ്ങിൽ പ്രസംഗിച്ച ആനന്ദ് ശർമ പറഞ്ഞു. എല്ലാവരും മുൻവാതിലിലൂടെ പ്രവേശിച്ചവരാണ്. വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെയാണു പാർട്ടിയിലെത്തിയത്. കോണ്‍ഗ്രസിന്റെ നല്ലകാലം കണ്ടവരാണ് എല്ലാവരും. പാർട്ടി തളരുന്നതു കാണാൻ ആഗ്രഹമില്ല.
തങ്ങൾ കോണ്‍ഗ്രസുകാരാണോ, അല്ലയോ എന്നു തങ്ങളോടു പറയാനുള്ള അവകാശം ആർക്കും നൽകിയിട്ടില്ല. പാർട്ടിയെ കെട്ടിപ്പെടുക്കും. പാർട്ടിയെ ഞങ്ങൾ ശക്തിപ്പെടുത്തും. കോണ്‍ഗ്രസിന്റെ ശക്തിയിലും ഐക്യത്തിലുമാണു വിശ്വസിക്കുന്നത്- ആനന്ദ് ശർമ വ്യക്തമാക്കി.
മഹാത്മാഗാന്ധിയുടെ വിശ്വാസവും നിശ്ചയദാർഢ്യവും ചിന്തകളിലുമാണു രാജ്യത്തിന്റെ നിയമങ്ങളും ഭരണഘടനയും രൂപപ്പെടുത്തിയത്. ഇതു ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണു കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണു ജി-23ന്റെ ആഗ്രഹം- രാജ് ബബ്ബർ വിശദീകരിച്ചു.