വെടിനിർത്തൽ കരാർ ഭീകരരുടെ കാര്യത്തിൽ ബാധകമല്ല: കരസേന
Sunday, February 28, 2021 12:11 AM IST
ഉധംപുർ: നിയന്ത്രണരേഖയിലെ വെടിനിർത്തൽ കരാർ നുഴ ഞ്ഞു കയറുന്ന ഭീകരരുടെ കാ ര്യത്തിൽ ബാധകമല്ലെന്ന് കരസേന നോർത്തേൺ കമൻഡാന്റ് ലഫ്. ജനറൽ വൈ.കെ. ജോഷി. ജമ്മു കാഷ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെ അതിർത്തിസംരക്ഷണച്ചുമതല നോർത്തേൺ കമൻഡാന്റിനാണ്.
ഇന്ത്യ-പാക് വെടിനിർത്തൽ കരാർ നേരത്തേയുള്ളതാണ്. അതിനു ഭീകരരുടെ നുഴഞ്ഞുകയറ്റവുമായി യാതൊരു ബന്ധവുമില്ലെന്ന് നോർത്തേൺ കമൻഡാന്റിലെ സൈനികർക്ക് ധീരതയ്ക്കുള്ള മെഡലുകൾ വിതരണം ചെയ്തുകൊണ്ട് ലഫ്. ജനറൽ ജോഷി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 24 മുതൽ 25 അർധരാത്രിവരെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞദിവസം ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാരുടെ യോഗം തീരുമാനിച്ചിരുന്നു. കിഴക്കൻ ലഡാക്കിൽ നുഴഞ്ഞുകയറിയ ചൈനീസ് സൈനികർ പിന്മാറിയതിനു പിന്നിൽ നോർത്തേൺ കമാൻഡാന്റിലെ സൈനികരുടെ ധീരതയാണ്. അതു ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്നും ലഫ്. ജനറൽ ജോഷി പറഞ്ഞു.