മുഹമ്മദ് അഷറഫ് സെഹ്റായിയുടെ രണ്ടു മക്കളെ അറസ്റ്റ് ചെയ്തു
Monday, May 17, 2021 12:23 AM IST
ശ്രീനഗർ: കാഷ്മീരിലെ വിഘടനവാദി നേതാവ് മുഹമ്മദ് അഷറഫ് സെഹ്റായിയുടെ മക്കളായ മുജാഹിദ് സെഹ്റായി, റഷീദ് സെഹ്റായി എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായിരുന്ന സെഹ്റായി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മേയ് അഞ്ചിനു മരിച്ചിരുന്നു. തെഹ്റീക്-ഇ-ഹുറിയത്ത് ചെയർമാൻ ആയിരുന്നു അദ്ദേഹം.
ശ്രീനഗറിലെ ബാർസുള്ള മേഖലയിലെ വീട്ടിൽനിന്നാണ് സെഹ്റായിയുടെ മക്കളെ അറസ്റ്റ് ചെയ്തത്. സെഹ്റായിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ വിഘടനവാദത്തിന് അനുകൂലമായ മുദ്രാവാക്യം മുഴക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സെഹ്റായിയുടെ മറ്റൊരു മകനായ ജുനൈദ് ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നയാളായിരുന്നു. 2020 മേയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജുനൈദ് കൊല്ലപ്പെട്ടിരുന്നു.
സെഹ്റായിയെ പൊതുസുരക്ഷാ നിയമം(പിഎസ്എ) ചുമത്തി 2020 ജൂലൈയിലായിരുന്നു അറസ്റ്റ് ചെയ്തത്.