ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
Sunday, May 30, 2021 12:30 AM IST
ന്യൂഡൽഹി: ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് കേന്ദ്രസർക്കാർ കുത്തനെ കൂട്ടി. യാത്രാനിരക്കിന്റെ കുറഞ്ഞ പരിധി 13 ശതമാനത്തിൽനിന്നു 16 ശതമാനമാക്കി ഉയർത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ജൂണ്‍ ഒന്നിനു പുതിയ നിരക്ക് നിലവിൽ വരും. ഇതോടെ ഡൽഹിയിൽനിന്നു തിരുവനന്തപുരം വരെയുള്ള യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 8700 രൂപയാകും.
പരമാവധി 20,400 രൂപ. ഡൽഹിയിൽനിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് 7400 മുതൽ 20,400 വരെയാണു പുതിയ നിരക്ക്. നാല്പതു മിനിറ്റ് വരെ ദൈർഘ്യമുള്ള യാത്രകളുടെ ടിക്കറ്റുനിരക്ക് 2300ൽനിന്നു 2600 രൂപയാക്കി. കൂടിയ നിരക്ക് 7800 രൂപയാണ്. 40 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള യാത്രകൾക്ക് 3300 രൂപയും 60-90, 90-120, 120-150, 150-180, 180-210 മിനിറ്റ് യാത്രകൾക്ക് 4000, 4700, 6100, 7400, 8700 എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
പുതിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽനിന്നു മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്ക് 700 രൂപയോളം അധികം നൽകേണ്ടിവരും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനയാത്രക്കാരിലുണ്ടായ കുറവാണു യാത്രാനിരക്ക് വർധിപ്പിക്കാനുള്ള കാരണമായി സർക്കാർ വിശദമാക്കുന്നത്.