ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് സർവേ: എതിർത്ത് ബംഗളൂരു ആർച്ച്ബിഷപ്
Saturday, October 23, 2021 12:21 AM IST
ബംഗളൂരു: കർണാടകയിലെ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് സർവേ നടത്താനുള്ള സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് ക്രൈസ്തവ നേതാക്കൾ. സർവേ നടത്തുന്നതിൽ എതിർപ്പറിയിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ കത്തെഴുതി.
ക്രിസ്ത്യൻ മിഷനറിമാരെക്കുറിച്ച് സർവേ നടത്താൻ കർണാടക നിയമസഭയിലെ പിന്നാക്ക ക്ഷേമത്തിനുള്ള സമിതിയാണ് ഉത്തരവിട്ടത്. ഈ തീരുമാനം പിൻവലിക്കണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. ചില ഒറ്റപ്പെട്ട മതപരിവർത്തനത്തിന്റെ പേരിൽ ഒരു സമുദായത്തെയാകെ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഇത്തരം സർവേ നടത്തുകയാണെങ്കിൽ ക്രൈസ്തവരെ മാത്രമല്ല, എല്ലാ സമുദായക്കാരെയും ഉൾപ്പെടുത്തണം.
സ്വാതന്ത്ര്യത്തിനുശേഷം ക്രൈസ്തവരുടെ എണ്ണം കൂടിയതു സംബന്ധിച്ച കണക്കുകളൊന്നും സർക്കാർ പുറത്തുവിട്ടില്ല. ചില പാർട്ടികളുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമായാണു മതപരിവർത്തന ആരോപണം ഉന്നയിക്കുന്നത്: അദ്ദേഹം പറഞ്ഞു. കർണാടക റീജണ്‍ കാത്തലിക് ബിഷപ്സ് കൗണ്‍സിൽ പ്രസിഡന്റാണു ഡോ. പീറ്റർ മച്ചാഡോ.
ബിജെപി എംഎൽഎ ഗുലിഹാട്ടി ശേഖർ അധ്യക്ഷനായ സഭാ സമിതിയാണു സർവേയ്ക്ക് നിർദേശം നല്‍കിയത്. കർണാടകയിൽ മതപരിവർത്തനം വ്യാപകമാണെന്നും തന്റെ, 72 വയസുള്ള അമ്മ ക്രിസ്തുമതം സ്വീകരിച്ചുവെന്നും എംഎൽഎ സെപ്റ്റംബർ 21നു നിയമസഭയിൽ പറഞ്ഞിരുന്നു.
കർണാടക സർക്കാരിന്റെ മതപരിവർത്തന നിരോധന നിയമത്തിലുള്ള ആശങ്ക ഡോ. പീറ്റർ മച്ചാഡോ പ്രകടിപ്പിച്ചു. നിയമസഭയിൽ ബിൽ പാസായാൽ സംസ്ഥാനത്തു സാമുദായിക സംഘർഷത്തിനിടയാക്കുമെന്നും നിയമത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതപരിവർത്തന നിരോധന നിയമത്തിലുള്ള ആശങ്ക അറിയിക്കാൻ കഴിഞ്ഞ മാസം കർണാടകയിലെ കത്തോലിക്കാ ബിഷപ്പുമാർ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിരോധനം നിയമം പാസാക്കിയിട്ടുണ്ട്.