ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് കേജരിവാൾ
സ്വന്തം ലേഖകൻ
Tuesday, May 17, 2022 1:46 AM IST
ന്യൂഡൽഹി: ബിജെപിയുടെ ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
അനധികൃത കോളനികളിൽ താമസിക്കുന്നവർക്കു വീടുകൾ വച്ചു നൽകുമെന്നാണു തെരഞ്ഞെടുപ്പിനു മുൻപ് ബിജെപി നൽകിയ വാഗ്ദാനം. തെരഞ്ഞെടുപ്പിനു ശേഷം ഇവർ ബുൾഡോസറുകളുമായി എത്തിയിരിക്കുകയാണ്.
കഴിഞ്ഞ 15 വർഷമായി ഡൽഹി മുനിസിപ്പൽ കോർപറേഷൻ ബിജെപിയുടെ ഭരണത്തിനു കീഴിലാണ്. നിയമവിരുദ്ധമായി പണം വാങ്ങി ബിജെപി നേതാക്കൾ അനധികൃത നിർമാണങ്ങൾക്കു കൂട്ടുനിന്നതായും ആരോപണമുണ്ടെന്ന് കേജരിവാൾ പറഞ്ഞു. കോർപറേഷന്റെ അധികാരകാലാവധി അവസാനിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിനു നിയമപരമായ സാധുതയില്ല. അനധികൃത താമസക്കാരെയും കെട്ടിടങ്ങളെയും ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഡൽഹിയിൽ ഭൂരിഭാഗം ജനങ്ങളെയും ഒഴിപ്പിക്കേണ്ടതായി വരും.
കണക്കുകളനുസരിച്ച് ഡൽഹിയിലെ 63 ലക്ഷത്തിലധികം ജനങ്ങൾ അനധികൃത താമസക്കാരാണ്. ബിജെപിയുടെ ഒഴിപ്പിക്കൽ പദ്ധതികൾക്കെതിരേ ശബ്ദമുയർത്തിയാൽ ജയിൽശിക്ഷയാണ് ലഭിക്കുന്നതെങ്കിൽ ആം ആദ്മി പാർട്ടി എംഎൽഎമാർ സന്തോഷത്തോടെ അതു സ്വീകരിക്കണമെന്നും കേജരിവാൾ പറഞ്ഞു.