ഭാഷാ വിവാദം: അമിത് ഷായെ തള്ളി മോദി
Saturday, May 21, 2022 1:02 AM IST
ന്യൂഡൽഹി: വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുന്പോൾ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കു വിരുദ്ധമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.
എല്ലാ ഭാഷയെയും ബിജെപി ആദരവോടെയാണ് കാണുന്നതെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നും മോദി പറഞ്ഞു.
രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോണ്‍ഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഭാഷ, സാംസ്കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും മോദി വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.