വൻ വിജയമായി വന്ദേമാതരം എക്സ്പ്രസിന്റെ കന്നിയാത്ര
Sunday, October 2, 2022 1:09 AM IST
മുംബൈ: മുംബൈ-ഗാന്ധിനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രയിനിന്റെ കന്നിയാത്ര വൻവിജയം. ആദ്യ കൊമേഴ്സ്യൽ സർവീസിന്റെ 96 ശതമാനം ടിക്കറ്റുകളും ബുക്ക്ചെയ്തതായി പടിഞ്ഞാറൻ റെയിൽവേ അറിയിച്ചു.
വെള്ളിയാഴ്ച ഗാന്ധിനഗറിലാണ് പ്രധാനമന്ത്രി ട്രെയിനിന്റെ ഉദ്ഘാടനയാത്രയ്ക്കു പച്ചക്കൊടി കാണിച്ചത്. അഹമ്മദാബാദിലെ ഗാന്ധിനഗറിൽനിന്ന് കാലുപുർ വരെ അദ്ദേഹം ട്രെയിനിൽ സഞ്ചരിക്കുകയും ചെയ്തു. കൊമേഴ്സ്യൽ സർവീസിനുള്ള ടിക്കറ്റ് ബുക്കിംഗ് വ്യാഴാഴ്ച ആരംഭിച്ചിരുന്നു.
ആകെയുള്ള 1,123 സീറ്റുകളിൽ 1,088 എണ്ണം മുൻകൂട്ടി ബുക്ക്ചെയ്തുവെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസാണ് ഗാന്ധിനഗർ-മുംബൈ സർവീസ്. ന്യൂഡൽഹി-വാരാണസി, ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോദേവി എന്നിവയാണ് ആദ്യ രണ്ടു സർവീസുകൾ.