ഫാ. പോൾ കൂട്ടുങ്കൽ ഒഎസ്ബി ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ വൈദിക ശ്രേഷ്ഠൻ
Monday, March 20, 2023 3:04 AM IST
ബംഗളൂരു: പാവപ്പെട്ടവരുടെ അത്താണിയും വഴികാട്ടിയുമായിരുന്നു ബംഗളൂരു കെങ്കേരി ആശീർവനം ബനഡിക്ടൈൻ ആശ്രമത്തിൽ അന്തരിച്ച ഫാ. പോൾ കൂട്ടുങ്കൽ ഒഎസ്ബി. 1950 കളില്‍ മരുഭൂമിക്ക് സമാനമായിരുന്ന ആശീര്വനത്തിന്റെ മുഖഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സഭയിലെ മുതിര്‍ന്ന അംഗവും ഗുരുവുമായിരുന്നു ഫാ. പോള്‍ കൂട്ടുങ്കല്‍. അദ്ദേഹത്തിന്റെ പിതൃതുല്യമായ സ്നേഹവും കരുതലും ഞങ്ങൾക്കോരുരുത്തര്ക്കും അനുഭവിക്കാനായിഎന്നതിനെക്കുറിച്ച് നല്ല ദൈവത്തിന് നന്ദി പറയുന്നു.
പാലാ രൂപതയിലെ പ്രവിത്താനത്ത് കൂട്ടുങ്കല്‍ പരേതരായ മൈക്കിള്‍-അന്നമ്മ ദമ്പതികളുടെ ആറാമത്തെ മകനായി 1927 ഫെബ്രുവരി രണ്ടിനാണ് അച്ചന്റെ ജനനം. പ്രവിത്താനം, വാഴക്കുളം, തേവര എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുടുംബത്തെ സഹായിക്കാന്‍ കൃഷിയിലേക്കും കന്നുകാലി വളര്‍ത്തലിലേക്കും തിരിഞ്ഞു. കഠിനാധ്വാനവും ഇച്ഛാശക്തിയും മൂലം കൂടുതല്‍ വരുമാനം കണ്ടെത്താനായി.
ഒരു ക്രിസ്ത്യന്‍ മിഷനറിയാകാനും ഇന്ത്യന്‍ സന്യാസ ആത്മീയതയില്‍ ജീവിക്കാനും കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇക്കാലത്ത് പരിചയപ്പെട്ട ഫാ. എബ്രാഹം കൈപ്പന്‍പ്ലാക്കല്‍, ഫാ. ഫിലിപ്പ് കൈപ്പന്‍പ്ലാക്കല്‍ എന്നിവരില്‍നിന്ന് ആശ്രമത്തെക്കുറിച്ച് അറിയുകയും അംഗമായി ചേരുകയുമാണുണ്ടായത്.
തുടക്കത്തില്‍ ആശ്രമജീവിതം കഠിനവും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമായിരുന്നെങ്കിലും ചെറുപ്പത്തിലേ സ്വായത്തമാക്കിയ കഠിനാധ്വാനശീലവും ദൈവാശ്രയ ബോധവും അച്ചനെ ബലപ്പെടുത്തി. പരിമിതികള്‍ക്കിടയിലും ആശ്രമവും ഫാം ഹൗസും നിര്‍മിക്കാന്‍ തീരുമാനമെടുക്കുകയും അത് നടപ്പാക്കുകയും ചെയ്തു. സെമിനാരി പഠനം പൂര്‍ത്തിയാക്കി 1960 മേയ് 11ന് പൗരോഹിത്യം സ്വീകരിച്ചു. 1957ൽ സഹോദരന് നല്കിയ രണ്ടു പശുക്കളുമായി ആശ്രമത്തില്‍ തുടങ്ങിയ ഡയറി ഫാം പിന്നീട് ലോകം അറിയപ്പെടുന്ന കെങ്കേരി ഫാമായി വളരുകയും ചെയ്തു.
രണ്ടായിരത്തോളം പശുക്കളും, ആയിരത്തോളം തൊഴിലാളികളുമായി ഏഷ്യയിലെ ഏറ്റവും വലിയ ഫാമായി അത് മാറി. ബംഗളൂരു നഗരത്തിലെ പ്രത്യേകിച്ച് അഞ്ച പാളയം, ദൊഡബെല്ല, കാറുബെല, ദേവഗെരെ തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ക്ഷാമകാലങ്ങളില്‍ ഭക്ഷണവും ജോലിയും നല്കി യേശുക്രിസ്തുവിന്റെ ജീവിക്കുന്ന നേര്‍സാക്ഷ്യമായി അദ്ദേഹം മാറി. കൃഷി ചെയ്യാനും പശുക്കളെ വളര്‍ത്താനും അവരെ പരിശീലിപ്പിച്ചു. പശുഫാമിൽനിന്നു പഴംപച്ചക്കറി കൃഷിയിലേക്കും അദ്ദേഹം തിരിഞ്ഞു.
ഞങ്ങളുടെ വഴികാട്ടിയും പിതാവുമായിരുന്ന പോളച്ചന്റെ മരണം ഞങ്ങളെ സംബന്ധിച്ച് തീരാനഷ്ടമാണെങ്കിലും ദൈവസന്നിധിയില്‍ ഞങ്ങള്‍ക്ക് മാധ്യസ്ഥം വഹിക്കുന്നതിനെക്കുറിച്ച് അഭിമാനവുംസന്തോഷവുമുണ്ട്. അദ്ദേഹത്തിന്റെ ധന്യമായ സ്മരണകള്‍ക്ക് മുന്പില് ശിരസ് നമിക്കുന്നു..