റെയിൽവേ സുരക്ഷയിൽ ഗുരുതര വീഴ്ചകൾ
രാഹുൽ ഗോപിനാഥ്
Monday, June 5, 2023 12:31 AM IST
ന്യൂഡൽഹി: റെയിൽവേ സുരക്ഷയിൽ ഗൗരവമേറിയ വീഴ്ചകൾ ചൂണ്ടിക്കാട്ടി പുറത്തിറക്കിയ സിഎജി ഓഡിറ്റ് റിപ്പോർട്ട് ചർച്ചയാകുന്നു. ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾക്കു മതിയായ ഫണ്ട് അനുവദിക്കാത്തതും അനുവദിച്ച ഫണ്ടുകൾ ശരിയായി വിനിയോഗിക്കാത്തതുമാണ് ട്രെയിൻ അപകടങ്ങളുടെ പ്രധാന കാരണമെന്നാണു കണ്ടെത്തൽ. ഇതിനുപുറമേ റെയിൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
റെയിൽ സുരക്ഷയ്ക്കായി രൂപീകരിച്ച പ്രത്യേക ഫണ്ടായ രാഷ്ട്രീയ റെയിൽ സംരക്ഷ കോഷ് (ആർആർഎസ് കെ) തുകയാണു വകമാറ്റി ചെലവഴിച്ചത്. ആർആർഎസ്കെ ചട്ടക്കൂടിന്റെ നിർദേശങ്ങൾക്കു വിരുദ്ധമായി പണം വകമാറ്റി ചെലവഴിച്ചത് റെയിൽ സുരക്ഷയ്ക്കായി പ്രത്യേക ഫണ്ട് രൂപീകരിച്ചതിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കിയെന്നും സിഎജി വ്യക്തമാക്കി. 2017-22 കാലയളവിൽ രാഷ്ട്രീയ റെയിൽ സംരക്ഷ കോഷിലേക്ക് ലക്ഷം കോടി രൂപയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നത്.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ പാർലമെന്റിൽ സമർപ്പിച്ച റെയിൽവേ ഓഡിറ്റ് റിപ്പോർട്ടിൽ റെയിൽ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഗുരുതര വീഴ്ചകളാണു പരാമർശിച്ചിട്ടുള്ളത്. ട്രെയിനുകൾ പാളം തെറ്റുന്നത് സംബന്ധിച്ചു കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) സമർപ്പിച്ച റിപ്പോർട്ടിലാണ് സുരക്ഷാപരിശോധനകളിലെ വീഴ്ച, അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലെ കാലതാമസം, മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ട പദ്ധതികൾക്കായുള്ള ഫണ്ടുകൾ വിനിയോഗിക്കാത്തത്, ട്രാക്കുകൾ നവീകരിക്കുന്നതിന് മതിയായ ഫണ്ടുകൾ അനുവദിക്കാത്തത്, സുരക്ഷാ ചുമതലകൾക്കായി ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തത് തുടങ്ങിയ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നത്.
റെയിൽവേ ട്രാക്കുകളുടെ ജ്യാമിതീയവും ഘടനാപരവുമായ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ആവശ്യമായ ട്രാക്ക് റെക്കോർഡിംഗ് പരിശോധനയിൽ 30 മുതൽ 100 ശതമാനം വരെ കുറവുണ്ടായതായി സിഎജി റിപ്പോർട്ടിൽ പറയുന്നു. ഒഡീഷ ട്രെയിൻ അപകടത്തിനുശേഷം ഏറെ ചർച്ച ചെയ്യപ്പെടുന്ന ട്രാക്ക് മാനേജ്മെന്റ് സിസ്റ്റത്തിലെ വീഴ്ചകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റെയിൽ പാളങ്ങളുടെ അറ്റകുറ്റപ്പണികളുടെ നിരീക്ഷണത്തിനുള്ള വെബ് അധിഷ്ഠിത ആപ്ലിക്കേഷനായ ട്രാക്ക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ടിഎംഎസ്) മോണിറ്ററിംഗ് സംവിധാനം പ്രവർത്തനക്ഷമമല്ലെന്ന് സിഎജി കണ്ടെത്തിയിരുന്നു.
ഏപ്രിൽ 2017 മുതൽ മാർച്ച് 2021 വരെയുള്ള കാലയളവിൽ റെയിൽവേ എൻജിനിയറിംഗ് വകുപ്പിന്റെ വീഴ്ച കാരണം 422 ട്രെയിനുകളാണ് പാളം തെറ്റിയത്. ഇതിൽ 171 അപകടങ്ങൾ ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാഞ്ഞിട്ടും 156 അപകടങ്ങൾ അനുവദീയമായ ട്രാക്ക് മാനദണ്ഡങ്ങളിൽനിന്നു വ്യതിചലിച്ചുള്ള എൻജിനിയറിംഗ് പ്രവർത്തനങ്ങളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
റെയിൽവേ ഓപ്പറേറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ വിഴ്ചയെ തുടർന്ന് ഇക്കാലയളവിൽ 275 അപകടങ്ങളുണ്ടായി. ഇതിനുപുറമേ അമിതവേഗത, മോശം ഡ്രൈവിംഗ്, പോയിന്റുകളുടെ തെറ്റായ ക്രമീകരണം, ഷണ്ടിംഗ് പ്രവർത്തനങ്ങളിലെ മറ്റു പിഴവുകൾ എന്നിവയും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. 63 ശതമാനം കേസുകളിലും “അന്വേഷണ റിപ്പോർട്ടുകൾ’ നിശ്ചിതസമയത്തിനുള്ളിൽ സമർപ്പിച്ചിട്ടില്ലെന്നും 49 ശതമാനം കേസുകളിലും അധികൃതർ റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിൽ കാലതാമസമുണ്ടായെന്നും സിഎജി കണ്ടെത്തി.
ടിക്കറ്റില്ലാത്ത യാത്രക്കാർക്കും നഷ്ടപരിഹാരം
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവർക്കും നഷ്ടപരിഹാരം ലഭിക്കും. റെയിൽവേ വക്താവ് അമിതാഭ് ശർമയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി ഉത്തരവു പ്രകാരമാണിത്. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയും ഗുരുതര പരിക്കുള്ളവർക്ക് രണ്ടു ലക്ഷം രൂപയും ചെറിയ പരിക്കുള്ളവർക്ക് 50,000 രൂപയുമാണു റെയിൽവേ ധനസഹായം നല്കുക.
3.22 കോടി രൂപ ഇതുവരെ റെയിൽവേ നല്കി. സോറോ, ഖരഗ്പുർ, ബാലസോർ, ഖാന്താപാറ, ഭദ്രക്, കട്ടക്ക്, ഭുവനേശ്വർ എന്നീ കേന്ദ്രങ്ങളിലാണു ധനസഹായം നല്കുക. അപകടത്തിൽ മരിച്ച ഇരുന്നൂറോളം പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഇവരുടെ ചിത്രങ്ങൾ സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ വെബ്സൈറ്റിൽ നല്കിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ച് ഒഡീഷ
ഭുവനേശ്വർ: ട്രെയിനപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നല്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും രണ്ടു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ഓഫീസും പ്രഖ്യാപിച്ചിരുന്നു.
ട്രാക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി
ബാലസോർ/ഭുവനേശ്വർ: സമീപനാളുകളിൽ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിനു സാക്ഷ്യം വഹിച്ച ഒഡീഷയിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക്. സ്റ്റേഷനിലെ രണ്ട് മുഖ്യലൈനുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയായി. പ്രധാന ട്രാക്കിൽ ഉണ്ടായിരുന്ന ബോഗികൾ ബുൾഡോസറുകൾ ഉപയോഗിച്ച് നീക്കി. ഇരുഭാഗത്തേക്കുമുള്ള ട്രാക്കുകളിലെ കേടുപാടുകൾ പരിഹരിച്ചുവരികയാണെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ഇരുഭാഗത്തേക്കുമുള്ള ട്രാക്കുകൾ ബന്ധിപ്പിക്കുന്ന ജോലി പൂർത്തിയായി. റെയിൽവേ ലൈനിലെ ഇലക്ട്രിക്കൽ ജോലികൾ തുടങ്ങിയെന്നും മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ വൈകുന്നേരം ട്വീറ്റ് ചെയ്തു. ഒരു ലൈനിലൂടെ ഗതാഗതം സാധ്യമാകുന്ന സ്ഥിതി ഉറപ്പായെന്നാണ് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചത്. ലൂപ് ലൈൻ ഉൾപ്പെടെ അപകടമേഖലയിലെ മുഴുവൻ ട്രാക്കുകളും സാധാരണ നിലയിൽ തിരിച്ചെത്തിക്കാൻ ഏതാനും സമയംകൂടി ആവശ്യമാണെന്നും വിശദീകരണമുണ്ട്.