യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണം; ലോകനേതാക്കൾക്കു മുന്‍പാകെ പ്രധാനമന്ത്രി നരേന്ദ്ര മോദി
Monday, September 11, 2023 1:01 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: യുഎൻ രക്ഷാസമിതി പുനഃസംഘടിപ്പിച്ച് ഇന്ത്യക്കു സ്ഥിരാംഗത്വം നൽകണമെന്ന വാദം ലോകനേതാക്കൾക്കുമുന്പാകെ വീണ്ടുമുയർത്തി ഇന്ത്യ.
ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ജി 20 ഉച്ചകോടിക്കു സമാപനം കുറിച്ചു നടന്ന ഒരു ഭാവി (വണ്‍ ഫ്യൂച്ചർ) സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. യുഎൻ രക്ഷാസമിതി ഉൾപ്പെടെയുള്ള ആഗോള സംഘടനകൾ പുതിയ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.
നല്ല ഭാവിയിലേക്ക് ലോകത്തെ നയിക്കാൻ ആഗോള സംഘടനകൾ ഇന്നത്തെ യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കേണ്ടത് ആവശ്യമാണെന്നും ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിൽ ഇത്തരത്തിൽ മാറ്റം വരുത്തേണ്ട ഒന്നാണെന്നും മോദി പറഞ്ഞു. 51 സ്ഥാപകാംഗങ്ങളുമായി യുഎൻ സ്ഥാപിതമായപ്പോൾ ലോകം തികച്ചും വ്യത്യസ്തമായിരുന്നു.
രാജ്യങ്ങൾ ഇപ്പോൾ ഏകദേശം 200 ആയി ഉയർന്നു. പക്ഷേ, രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം അതേപടി തുടരുന്നു. ലോകം എല്ലാ മേഖലകളിലും വളരെയധികം മാറി. ഗതാഗതം, വാർത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റമുണ്ട്. ആഗോള ബാങ്കുകളുടെ പ്രവർത്തനങ്ങളും വിപുലീകരിക്കേണ്ടതുണ്ട്. ഈ ദിശയിലുള്ള തീരുമാനങ്ങൾ ഉടനടി ഫലപ്രദമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൈബർ സുരക്ഷയും ക്രിപ്റ്റോ കറൻസികളും ലോകത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. സാമൂഹിക ക്രമത്തിനും സാന്പത്തിക സ്ഥിരതയ്ക്കും ക്രിപ്റ്റോ കറൻസി ഒരു പുതിയ വിഷയമാണ്. അതു നിയന്ത്രിക്കുന്നതിന് ആഗോള നിലവാരം വികസിപ്പിക്കാൻ ശ്രമിക്കുകയാണ്. ഭീകരതയ്ക്കുള്ള ധനസഹായത്തിന്റെ പുതിയ സ്രോതസായി സൈബർ ഇടം ഉയർന്നുവന്നിട്ടുണ്ടെന്നും അതു സുരക്ഷിതമാക്കുന്നതിന് ആഗോള സഹകരണവും ചട്ടക്കൂടും ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി.
ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) പോലുള്ള ന്യൂ ജനറേഷൻ സാങ്കേതികവിദ്യയിലെ കുതിപ്പുകൾ സങ്കൽപ്പിക്കാനാകാത്ത അളവിലും വേഗത്തിലുമാണെന്നും മോദി അഭിപ്രായപ്പെട്ടു.
ആഫ്രിക്കൻ യൂണിയനെക്കൂടി ഉൾപ്പെടുത്തി വിപുലീകരിച്ച ജി 20 രാഷ്ട്രങ്ങളുടെ അധ്യക്ഷസ്ഥാനം ബ്രസീലിന് കൈമാറിക്കൊണ്ട് ന്യൂഡൽഹിയിലെ പതിനെട്ടാമത് ജി 20 ഉച്ചകോടിക്കു സമാപനമായി. ജി 20യുടെ പുതിയ അധ്യക്ഷനായ ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവയ്ക്കു പ്രതീകമായി ആചാരപരമായ കൊട്ടുവടി (ഗവൽ) മോദി കൈമാറി.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ള ലോകനേതാക്കൾ രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലിയർപ്പിച്ചശേഷമാണ് ഇന്നലെ ഉച്ചകോടി സമ്മേളനം തുടങ്ങിയത്. ഭാരതീയ മേൽവസ്ത്രമായ കൈത്തറി ഷാൾ അണിഞ്ഞെത്തിയ നേതാക്കൾ ഗാന്ധിജിയുടെ കുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചു.
ഗാന്ധിജിക്കു പ്രിയപ്പെട്ട ഭജനുകളുടെ ആലാപനം കേട്ടശേഷമാണു പിരിഞ്ഞത്. ഇന്ത്യയുടെ സംഘാടന മികവിനെയും മോദിയുടെ നേതൃത്വത്തെയും വസുധൈവ കുടുംബകം എന്ന ആശയത്തിലൂന്നിയുള്ള ഒരു ഭൂമി, ഒരു കുടുംബം ഒരു ഭാവി എന്ന മുദ്രാവാക്യത്തെയും ലോകനേതാക്കൾ പ്രശംസിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണ്‍, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ, യുഎഇ, തുർക്കി, ദക്ഷിണ കൊറിയ, കോമോറോസ്, നൈജീരിയ, യൂറോപ്യൻ യൂണിയൻ പ്രസിഡന്റുമാർ, ലോകബാങ്ക് പ്രസിഡന്റ് എന്നിവരുമായി പ്രധാനമന്ത്രി മോദി ഇന്നലെ പ്രത്യേകം ചർച്ചകൾ നടത്തി.