നിയമസഭാ തെരഞ്ഞെടുപ്പ്; നാലിടങ്ങളിലെ ഫലം ഇന്ന്
Sunday, December 3, 2023 1:53 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ചിൽ നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്നു നടക്കും. മിസോറമിലെ വോട്ടെണ്ണൽ നാളെയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് ഇന്നു നടക്കുന്നത്.
രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ. ക്രിസ്ത്യൻ ഭൂരിപക്ഷ സ്ഥലമായ മിസോറമിൽ ഞായറാഴ്ച പ്രാർഥന അടക്കമുള്ള ചടങ്ങുകൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ വോട്ടെണ്ണൽ മാറ്റിയത്.
തെലുങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് ഭരണം ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് പ്രവചനം. മധ്യപ്രദേശ് 230, രാജസ്ഥാൻ 199, ഛത്തീസ്ഗഡ് 90, തെലുങ്കാന 119 എന്നിങ്ങനെ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.
ഛത്തീസ്ഗഡിൽ കോണ്‍ഗ്രസിനു തുടർഭരണം ലഭിക്കുമെന്നാണ് മിക്ക സർവേകളും പറയുന്നത്. തെലുങ്കാനയിൽ കോണ്‍ഗ്രസിനു ഭരണം ലഭിക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചതോടെ വിജയിക്കുന്ന എംഎൽഎമാരെ ഒരുമിപ്പിച്ച് നിർത്തുന്നതിനായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഹൈദരാബാദിൽ എത്തിയിട്ടുണ്ട്.
മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് സർക്കാർ ഉണ്ടാക്കുമെന്നാണ് പ്രവചനം.