മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ഒരാൾക്കു പരിക്ക്
Saturday, April 13, 2024 1:52 AM IST
ഇംഫാൽ: ഒരിടവേളയ്ക്കുശേഷം മണിപ്പുരിൽ സംഘർഷം. തൗഹാലിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾക്കു പരിക്കേറ്റു. സമീപജില്ലയായ കക്ചിംഗിൽ സോമില്ലിന് അക്രമികൾ തീവയ്ക്കുകയും ചെയ്തു.
തൗബാലിലെ ഹീറോക്കിനു സമീപം ഗ്രാമത്തിനു കാവൽ നിൽക്കുന്നവരെ ഇന്നലെ പുലർച്ചെയോടെ സായുധസംഘം ആക്രമിക്കുകയായിരുന്നു. ഒരു മണിക്കൂറോളം ഇരുപക്ഷവും വെടിവയ്പ് തുടർന്നു. പരിക്കേറ്റ നിങ്തൗജം ജയിംസ് സിംഗിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തേക്ക് കൂടുതൽ പോലീസും കേന്ദ്രസേനയും എത്തിയതോടെയാണു സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.
തൗബോലിനു സമീപം കക്ചിംഗ് ജില്ലയിലെ പല്ലലിലാണ് സോമിൽ അക്രമികൾ അഗ്നിക്കിരയാക്കിയത്. അഗ്നിശമനസേന ഉടൻ എത്തിയെങ്കിലും മിൽ പൂർണമായും കത്തിനശിച്ചു. അക്രമികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.