ഫാക്ടറിയിലെ സ്ഫോടനം: ഒരു മൃതദേഹംകൂടി കണ്ടെത്തി
Sunday, May 26, 2024 1:02 AM IST
താനെ: മഹാരാഷ്ട്രയിലെ താനെയിൽ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി.
ഇതോടെ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്ത് ആയി. സ്ഫോടനസ്ഥലത്തെ അവശിഷ്ടങ്ങൾ മാറ്റുന്നതിനിടെയാണ് കത്തിക്കരിഞ്ഞ നിലയിൽ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയത്.
ഡോംബിവിലിയിലെ എംഐഡിസി മേഖലയിലുള്ള അമുദാൻ കെമിക്കൽ കന്പനിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ അറുപതിലേറെപ്പേർ ചികിത്സയിലാണ്. സ്ഫോടനത്തെത്തുടർന്ന് അറസ്റ്റിലായ ഫാക്ടറി ഉടമ മലയ് മേത്തയെ 29 വരെ പോലീസ് കസ്റ്റഡിയിൽവിട്ട് താനെ ജില്ലാ കോടതി ഉത്തരവിട്ടു.