ലോക്സഭാ പ്രോട്ടെം സ്പീക്കർ പദവി:കൊടിക്കുന്നിലിനെ ഒഴിവാക്കിയതിൽ പ്രതിഷേധം
Saturday, June 22, 2024 3:34 AM IST
ന്യൂഡൽഹി: ലോക്സഭാ പ്രോട്ടെം സ്പീക്കറായി കൊടിക്കുന്നിൽ സുരേഷിനെ നിയമിക്കാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. എട്ടു തവണ ലോക്സഭാംഗമായ കൊടിക്കുന്നിലിനെ ഒഴിവാക്കി ഏഴു തവണ എംപിയായ ഭർതൃഹരി മഹ്താബിനെയാണ് പ്രോട്ടെം സ്പീക്കറാക്കിയത്.
കീഴ്വഴക്കങ്ങളുടെ ലംഘനമാണ് ബിജെപി നടത്തിയതെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. ""രാജ്യത്തെ പാർലമെന്ററി ജനാധിപത്യത്തിനു ഭീഷണിയാണ് ബിജെപിയുടെ തീരുമാനം. സ്വന്തം താത്പര്യത്തിനായി പാർലമെന്ററി സന്പ്രദായം അവഗണിക്കുന്ന ബിജെപി രീതിയാ ണിത്. പ്രതിപക്ഷത്തെ അവഹേളിക്കുന്ന നയം ബിജെപി തുടരുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്''-കൊടിക്കുന്നിൽ പറഞ്ഞു.
""2019ൽ മേനക ഗാന്ധിയായിരുന്നു ഏറ്റവും മുതിർന്ന അംഗം. എന്നാൽ, കേന്ദ്രമന്ത്രിയാക്കാത്തതിനാൽ പ്രോട്ടെം സ്പീക്കറാകാൻ മേനക ഗാന്ധിക്കു താത്പര്യമില്ലായിരുന്നു. മേനക കഴിഞ്ഞാൽ മുതിർന്ന എംപി ഞാനും ബിജെപിയിലെ വീരേന്ദ്രകുമാറുമായിരുന്നു. പ്രോട്ടെം സ്പീക്കറായി വീരേന്ദ്രകുമാറിനെ ബിജെപി നിയമിച്ചു. ഇത്തവണയും ഞാനും വീരേന്ദ്രകുമാറുമായിരുന്നു മുതിർന്ന അംഗങ്ങൾ.
വീരേന്ദ്രകുമാർ കാബിനറ്റ് മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ സ്വാഭാവികമായും ഞാനായിരുന്നു പ്രോട്ടെം സ്പീക്കറാകേണ്ടിയിരുന്നത്. എന്റെ പേര് ലോക്സഭാ സെക്രട്ടേറിയറ്റ് ശിപാർശ ചെയ്തിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ രാഷ്ട്രപതിക്ക് അയച്ച ശിപാർശയിൽ എന്നെ ഒഴിവാക്കി’’ -കൊടിക്കുന്നിൽ വ്യക്തമാക്കി.
ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗം പ്രോട്ടെം സ്പീക്കറാകുന്ന പതിവ് 1956ലും 1977ലും പാലിച്ചില്ല. 1956ൽ സർദാർ ഹുക്കും സിംഗിനെയും 1977ൽ ഡി.എൻ. തിവാരിയെയുമാണ് പ്രോട്ടെം സ്പീക്കറാക്കിയത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക, സ്പീക്കർ തെരഞ്ഞെടുപ്പിനു നേതൃത്വം വഹിക്കുക എന്നിവയാണ് പ്രോട്ടെം സ്പീക്കറുടെ ചുമതല. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതോടെ പ്രോട്ടെം സ്പീക്കറുടെ പദവി ഇല്ലാതാകും.
കൊടിക്കുന്നിൽ സുരേഷ്
എട്ടു തവണ ലോക്സഭാംഗം. 1989ൽ, ഇരുപത്തിയേഴാം വയസിൽ അടൂരിൽനിന്നാണ് കൊടിക്കുന്നിൽ സുരേഷ്(62) ആദ്യമായി ലോക്സഭാംഗമായത്. 1989, 1991, 1996, 1999 തെരഞ്ഞെടുപ്പുകളിൽ അടൂരിൽ വിജയിച്ചു. 2009, 2014, 2019, 2024 തെരഞ്ഞെടുപ്പുകളിൽ മാവേലിക്കരയിൽനിന്നു ലോക്സഭാംഗമായി. 1998ലും 2004ലും അടൂരിൽ പരാജയപ്പെട്ടു. 1989ൽ ലോക്സഭാംഗമായ ആരും ഇത്തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
ഭർതൃഹരി മഹ്താബ്
ഏഴു തവണ ലോക്സഭാംഗം. 1998ൽ കട്ടക്കിൽനിന്നാണ് ഭർതൃഹരി മഹ്താബ്(66) ആദ്യമായി ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1999, 2004, 2009, 2014, 2019, 2024 തെരഞ്ഞെടുപ്പുകളിൽ കട്ടക്കിൽ വിജയം ആവർത്തിച്ചു.
ആറു തവണ ബിജെഡി ടിക്കറ്റിൽ വിജയിച്ച ഭർതൃഹരി ഇത്തവണ ബിജെപി സ്ഥാനാർഥിയായിരുന്നു. തുടർച്ചയായി ഏഴു തവണയും വിജയിച്ചുവെന്നതാണ് ഭർതൃഹരിയുടെ നേട്ടം.
വീരേന്ദ്രകുമാർ
എട്ടു തവണ തുടർച്ചയായി ലോക്സഭാംഗമായ നേതാവാണ് കേന്ദ്രമന്ത്രി വീരേന്ദ്രകുമാർ(70). 1996, 1998, 1999, 2004 തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശിലെ സാഗറിൽനിന്നു വിജയിച്ചു.
സാഗർ ജനറൽ മണ്ഡലമായതിനെത്തുടർന്ന് വീരേന്ദ്രകുമാർ 2009, 2014, 2019, 2024 തെരഞ്ഞെടുപ്പുകളിൽ ടിക്കംഗഡ് മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.