5,000 കോടിയുടെ ബെറ്റിംഗ് ആപ്പ് തട്ടിപ്പ് ; മുഖ്യപ്രതി അറസ്റ്റിൽ
Saturday, October 12, 2024 1:48 AM IST
ന്യൂഡൽഹി: ഓണ്‍ലൈൻ വാതുവയ്പിലൂടെ 5000 കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയ "മഹാദേവ്' ബെറ്റിംഗ് ആപ്പിന്റെ മുഖ്യ സൂത്രധാരൻ സൗരബ് ചന്ദ്രാകറിനെ ഉടൻ ഇന്ത്യയിലെത്തിക്കും.
ഇന്റർപോൾ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിൽ ദുബായിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്ന് സൗരബിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് യുഎഇ അധികാരികൾ അനുമതി നൽകിയെന്നാണ് റിപ്പോർട്ടുകൾ.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെഡ് കോർണർ നോട്ടീസ് അയച്ചതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബർ മുതൽ ചന്ദ്രാകറും കൂട്ടുപ്രതിയായ രവി ഉപ്പാലും ദുബായിൽ വീട്ടുതടങ്കലിലായിരുന്നു.
"മഹാദേവ്' ബെറ്റിംഗ് ആപ്പിന്റെ മുഖ്യ പങ്കാളികളായ സൗരബും രവിയും യുഎഇ കേന്ദ്രീകരിച്ചാണ് ആയിരത്തിലധികം കോടികൾ അനധികൃത വാതുവയ്പിലൂടെ കൈക്കലാക്കിയത്. മലേഷ്യ, യുഎഇ, തായ്ലൻഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കോൾ സെന്ററുകൾ തുടങ്ങി നാലായിരത്തോളം പാനൽ ഓപ്പറേറ്റേഴ്സിനെ ഉപയോഗിച്ചാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. ഒരു ദിവസം 200 കോടി രൂപയെങ്കിലും വാതുവയ്പിലൂടെ ഇവർക്ക് വരുമാനമായി ലഭിച്ചെന്നാണു കണക്കുകൾ.
ഛത്തീസ്ഗഡിലെ ഭിലായിയിൽ ജ്യൂസ് കട നടത്തിയിരുന്നയാളാണ് സൗരബ്. തട്ടിപ്പിന്റെ ഭാഗമായി മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് 508 കോടി രൂപയുടെ കൈക്കൂലി സൗരബും രവിയും ചേർന്ന് നൽകിയിട്ടുണ്ടെന്ന് ഇഡി ആരോപിക്കുന്നു.