തീപിടിച്ച കാർ തനിയെ ഓടി
Monday, October 14, 2024 3:41 AM IST
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ തീപിടിച്ച കാർ ആളിക്കത്തുന്നതിനിടെ തനിയെ ഓടിയത് പരിഭ്രാന്തി പരത്തി. ആജ്മീർ റോഡിൽ ശനിയാഴ്ചയാണു നാടകീയ അപകടം അരങ്ങേറിയത്.
തീപിടിച്ച് ഓടുമ്പോൾ കാറിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. റോഡിൽ കാർ കത്തുന്നതുകണ്ട് ആളുകൾ വാഹനങ്ങൾ ഇരുവശങ്ങളിലുമായി നിർത്തി. അല്പനേരത്തിനുശേഷം കാർ തനിയെ നീങ്ങുകയായിരുന്നു. ഇതുകണ്ട് ആളുകൾ വാഹനങ്ങളുമായി രക്ഷപ്പെടാൻ തുടങ്ങി.
ചിലർ വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് കാർ റോഡ് ഡിവൈഡറിലിടിച്ച് നിന്നു. തിരക്കേറിയ ഗതാഗതമുണ്ടായിരുന്ന റോഡിൽ കാര്യമായ അപകടങ്ങളൊന്നുമുണ്ടായില്ല. കാറിനു തീപിടിച്ച് തനിയെ ഓടുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.