വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതി കാലത്തിന്റെ ആവശ്യം: ഡീൻ കുര്യാക്കോസ്
Thursday, March 13, 2025 1:29 AM IST
ന്യൂഡൽഹി: വനാതിർത്തിയിൽനിന്നും പുറത്തുകടന്ന് മനുഷ്യനെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന മൃഗങ്ങളെ കൊല്ലുന്നതിന് അനുമതി നൽകുന്ന ഭേദഗതി വന്യജീവി സംരക്ഷണ നിയമത്തിൽ വരുത്തണമെന്ന് ഡീൻ കുര്യാക്കോസ് എംപി. ലോക്സഭയിലെ ശൂന്യവേളയിലാണ് ഡീൻ ഇക്കാര്യം ഉന്നയിച്ചത്.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിൽ മാത്രമായി 1,250 പേരാണു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ മാസം 20 ദിവസത്തിനുള്ളിൽ അഞ്ചുപേർക്ക് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുകയാണ്. ഇതിന്റെ പരിണിതഫലം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. വനത്തിനു പുറത്തു കടന്ന് മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുന്ന ഏതു മൃഗമാണെങ്കിലും അവയെ കൊല്ലാനുള്ള അനുമതി നൽകുന്ന ഭേദഗതി വരുത്തണമെന്നും ഡീൻ ലോക്സഭയിൽ വ്യക്തമാക്കി.