ലോക്പാൽ ഇപ്പോൾ ‘ഷോക്ക്പാലായി’: കോണ്ഗ്രസ്
Thursday, October 23, 2025 1:38 AM IST
ന്യൂഡൽഹി: അഴിമതി ആരോപണങ്ങൾക്കെതിരേ അന്വേഷണം നടത്തുന്ന ലോക്പാൽ 70 ലക്ഷം രൂപവീതം വില വരുന്ന ഏഴ് ബിഎംഡബ്ല്യു കാറുകൾ വാങ്ങാനായി ടെൻഡർ ക്ഷണിച്ചതു വിവാദമായിരിക്കെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാക്കൾ രംഗത്ത്. ലോക്പാൽ ഇപ്പോൾ ഷോക്ക്പാലും ശോക്പാലുമായി മാറിയെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പരിഹസിച്ചു.
മൻമോഹൻ സിംഗ് സർക്കാരിനെതിരേ അന്നാ ഹസാരെ, അരവിന്ദ് കേജരിവാൾ, ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ (അഴിമതിക്കെതിരെ ഇന്ത്യ), ആർഎസ്എസ് എന്നിവരുടെ പ്രചാരണമുണ്ടായിരുന്നുവെന്നും എന്നാലിപ്പോൾ ലോക്പാലിന്റെ അവസ്ഥ ജനങ്ങൾക്കു മുന്നിലുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയ്റാം രമേശ്, ലോക്പാൽ നടത്തിയിട്ടുള്ള അന്വേഷണങ്ങളും അറസ്റ്റുകളും എന്തൊക്കെയാണെന്ന് ചോദിക്കേണ്ടതാണെന്നും പറഞ്ഞു.
ലോക്പാൽ അംഗങ്ങൾക്ക് ആഡംബര കാറുകൾ എന്തിനാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരം ചോദിച്ചു. സുപ്രീംകോടതി ജഡ്ജിമാർക്കു പോലും സെഡാൻ കാറുകൾ നൽകുന്പോൾ ലോക്പാൽ അധ്യക്ഷനും ആറംഗങ്ങൾക്കും എന്തിനാണ് ബിഎംഡബ്ല്യു കാറുകളെന്നും ചിദംബരം ചോദിച്ചു.
ലോക്പാലിനു കീഴിൽ നടത്തിയ അന്വേഷണങ്ങളുടെയും പ്രോസിക്യൂഷനുകളുടെയും അഭാവം എടുത്തുകാട്ടി കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വിയും വിമർശനമുന്നയിച്ചു. താൻ ലോക്പാലിന്റെ പാർലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നിട്ടുണ്ടെന്നും സത്യസന്ധതയുടെ സംരക്ഷകർ ഇപ്പോൾ നിയമസാധുതയ്ക്കു പകരം ആഡംബരത്തെ പിന്തുടരുകയാണെന്നും സിംഗ്വി കുറ്റപ്പെടുത്തി.
അഴിമതികൾക്കെതിരേ 8,703 പരാതികൾ ലോക്പാലിനു ലഭിച്ചിട്ടുണ്ടെങ്കിലും 24 അന്വേഷണം മാത്രമേ നടന്നിട്ടുള്ളൂവെന്നും 6 എണ്ണത്തിൽ മാത്രമേ പ്രോസിക്യൂഷന് അനുമതി നൽകിയിട്ടുള്ളൂവെന്നും സിംഗ്വി കൂട്ടിച്ചേർത്തു.
അഴിമതികൾക്കെതിരേ നിലകൊള്ളുന്ന ഒരു സ്ഥാപനം ആഡംബര കാറുകൾ വിലയ്ക്കു വാങ്ങുന്നതിനെതിരേ മറ്റു പ്രതിപക്ഷ കക്ഷികളിൽനിന്നുള്ള നേതാക്കളും മുൻ സിബിഐ ഡയറക്ടർ നാഗേശ്വര റാവുവും മുൻ നീതി ആയോഗ് ചെയർമാൻ അമിതാബ് കാന്തും വിമർശനമുയർത്തിയിട്ടുണ്ട്.