ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എഐസിസിയിൽ പുതിയ ചുമതല
Thursday, October 23, 2025 1:38 AM IST
ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കും ഷമ മുഹമ്മദിനും എഐസിസിയിൽ പുതിയ പദവി.
നാഷണൽ ടാലന്റ് ഹണ്ട് കോ-ഓർഡിനേറ്റർമാരായാണ് ഇരുവർക്കും നിയമനം. പാനലിസ്റ്റുകൾ, വക്താക്കൾ എന്നിവരുടെ നിയമനമാണ് ടാലന്റ് ഹണ്ടിൽ ഉൾപ്പെടുന്നത്.മേഘാലയയുടെയും അരുണാചൽപ്രദേശിന്റെയും ചുമതലയാണു ചാണ്ടി ഉമ്മന്.
ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയും നൽകി. 13 ഉപാധ്യക്ഷന്മാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി കെപിസിസി ജംബോ പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് ചാണ്ടി ഉമ്മനും ഷമ മുഹമ്മദും അതൃപ്തി പ്രകടമാക്കി രംഗത്തുവന്നത്.