യുപിക്കാരിയെന്ന്; ആർജെഡി സ്ഥാനാർഥിയുടെ പത്രിക തള്ളി
Thursday, October 23, 2025 1:38 AM IST
പാറ്റ്ന: മൊഹാനിയയിലെ ആർജെഡി സ്ഥാനാർഥി ശ്വേത സുമൻ ഉത്തർപ്രദേശുകാരിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നാമനിർദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
കൈമുർ ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമാണു മൊഹാനിയ. നിയമസഭാ സംവരണ മണ്ഡലങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽനിന്നുള്ളവർ മത്സരിക്കുന്നതിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.
സംഭവം മഹാസഖ്യത്തിനു തിരിച്ചടിയായതോടെ രാഷ്ട്രീയ ആരോപണവും ഉയരുകയാണ്. ഉന്നത ബിജെപി നേതൃത്വത്തിന്റെ സമ്മർദമാണ് തീരുമാനത്തിനു പിന്നിലെന്ന് ശ്വേത സുമൻ ആരോപിച്ചു. ബിജെപി സ്ഥാനാർഥി സംഗീത കുമാറിനെ വിജയിപ്പിക്കുകയായിരുന്നു ലക്ഷ്യം.
20 വർഷമായി ബിഹാറിലാണു കഴിയുന്നതെന്നു പറഞ്ഞ ശ്വേത സുമൻ നാമനിർദേശപത്രിക സമർപ്പിച്ച ശേഷമാണ് ബിജെപി സ്ഥാനാർഥി ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ അതു സ്വീകരിക്കുകയും ചെയ്തു. നാമനിർദേശപത്രിക തള്ളിയതിനെതിരേ കോടതിയെ സമീപിക്കുമെന്നും ആർജെഡി സ്ഥാനാർഥി വ്യക്തമാക്കി.