നിര്‍ണായകം; 1.63 കോടി യുവ വോട്ടര്‍മാര്‍
Thursday, October 23, 2025 1:38 AM IST
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക 1.63 കോടിയോളം വരുന്ന യുവ വോട്ടര്‍മാര്‍. ഇതില്‍ 14 ലക്ഷത്തോളം കന്നിവോട്ടര്‍മാരും ഉണ്ട്. മതിയായ തൊഴിലവസരങ്ങള്‍ ഇല്ലാത്തതില്‍ നിരാശരാണെന്നാണ് സ്ഥാനാര്‍ഥികളോട് യുവജനതയുടെ പരാതി.
പഠനം പൂര്‍ത്തിയാക്കുന്ന പലരും സംസ്ഥാനം വിടാന്‍ നിര്‍ബന്ധിതരാവുകയാണ്. വിദ്യാഭ്യാസമേഖല ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും യുവജനങ്ങള്‍ ആവശ്യപ്പെടുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ വിവാദങ്ങള്‍ പതിവായതിനാല്‍ പരീക്ഷകള്‍ സുതാര്യമാകണം. നിയമനങ്ങളിലെ അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട്.
14 ലക്ഷം പേരാണ് കന്നിവോട്ടര്മാരായുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പറയുന്നു.18നും 29നും ഇടയില്‍ പ്രായമുള്ള 1.63 കോടി വോട്ടര്‍മാരുണ്ട്. വോട്ടര്‍മാരുടെ 22 മുതല്‍ 25 ശതമാനം വരെയുള്ള ഈ വിഭാഗമാണു തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകുക.
ആര്‍ജെഡിയും ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെ പരമ്പരാഗത കക്ഷികളുടെ വാഗ്ദാനങ്ങള്‍ യുവജനത ഗൗരവമായി എടുത്തിട്ടില്ല. യുവാക്കള്‍ തൊഴില്‍തേടി പുറത്തുപോകുന്ന സാഹചര്യം അവസാനിപ്പിക്കുമെന്ന് ജന്‍ സുരാജ് പാര്‍ട്ടി നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ പറയുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.